കെ.സുരേന്ദ്രന്റെ ഹര്‍ജിയിലെ മരിച്ചവരില്‍ ഒരാള്‍ കൂടി ഉയര്‍ത്തെഴുന്നേറ്റു...
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഒരു പരേതന്' കൂടി പ്രത്യക്ഷപ്പെട്ടു. ഉപ്പള സ്വദേശി അബ്ദുള്ളയാണ് വെള്ളിയാഴ്ച്ച ഹൈക്കോടതിയില്‍ ഹാജരായത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.ബി. അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയില്‍ അബ്ദുള്ള മരിച്ചെന്നും ഇയാളുടെ പേരില്‍ കള്ളവോട്ടു നടന്നെന്നും ആരോപിച്ചിരുന്നു.
മരിച്ചുപോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ മഞ്ചേശ്വരത്ത് വന്‍തോതില്‍ കള്ളവോട്ടു നടന്നെന്നും ഇതു തടഞ്ഞിരുന്നെങ്കില്‍ താന്‍ വിജയിക്കുമായിരുന്നെന്നുമാണ് സുരേന്ദ്രന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കൊപ്പം മരിച്ചവരുടെ പേരില്‍ കള്ളവോട്ടു നടന്നെന്ന് തെളിയിക്കാന്‍ ആറ് പേരുടെ പട്ടികയും നല്‍കിയിരുന്നു. ഇതില്‍ രണ്ടുപേരാണ് നേരിട്ട് കോടതിയില്‍ ഹാജരായത്. മണ്ഡലത്തിലെ 250 വോട്ടര്‍മാരോട് തെളിവെടുപ്പിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ സമാന രീതിയില്‍ ഹമീദ് കുഞ്ഞിയെന്ന മറ്റൊരു പരേതനും കോടതിയിലെത്തിയിരുന്നു. മരിച്ചുപോയവരുടെ പട്ടികയിലാണ് ഹമീദ് കുഞ്ഞിയെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ തന്റെ പേരില്‍ കള്ളവോട്ടു നടന്നെന്ന ആരോപണം തെറ്റാണെന്നും താന്‍ വോട്ടു രേഖപ്പെടുത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha