അച്ഛനോടൊപ്പം ബുള്ളറ്റില്‍ മീന്‍പിടിക്കാന്‍ പോയ കുരുന്നുകള്‍ അറിഞ്ഞിരുന്നില്ല അവരുടെ യാത്ര മരണത്തിലേക്കായിരുന്നെന്ന്...
ഒരു തെറ്റും ചെയ്യാത്ത രണ്ട് കുരുന്നുകളുടെ ജീവനെടുത്ത പിതാവിന്റെ ക്രൂരതയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കൊച്ചുവേളി നിവാസികള്‍. അച്ഛനോടൊപ്പം ബുള്ളറ്റില്‍ മീന്‍പിടിക്കാന്‍ വലിയവേളി നൂറടി പാലത്തിന് സമീപത്തെ കായലില്‍ എത്തിയതായിരുന്നു ഫേബയും ഫെബിനും. കളിച്ചു ചിരിച്ച് പാലത്തിന് മുകളിലേക്ക് പോയ കുട്ടികളുടെ ചേതനയറ്റ ശരീരമാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ കണ്ടു ഞെട്ടിയത്.
വിതുര സ്വദേശി ഷിബിയും പേരൂര്‍ക്കട എസ്.എ.പിയിലെ ക്ലാര്‍ക്കായ ഭാര്യ അന്നയും ഏറെക്കാലമായി സ്വരച്ചേര്‍ച്ച ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. മദ്യപിക്കുന്നതിന്റെ പേരില്‍ ഇരുവരും നിരന്തരം വഴക്കിടുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കാണ് ഷിബി കുട്ടികളുമായി തന്റെ നീല ബുള്ളറ്റില്‍ നൂറടി പാലത്തിന് സമീപത്തെത്തുന്നത്. അവിടെനിന്ന് കുട്ടികള്‍ പാലത്തിന് മുകളിലേക്ക് പോകുന്നതും കണ്ടവരുണ്ട്.
മക്കളെ കൊന്ന് ആത്മഹത്യ ചെയ്യണമെന്ന് ഷിബി മുമ്പേ നിശ്ചയിച്ചുറപ്പിച്ചിരുന്നുവെന്നാണ് പൊലീസ് നിഗമനം. ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചതിന് ശേഷമാണ് കൃത്യം ചെയ്യാന്‍ ഷിബി നൂറടിപ്പാലത്തിലേക്ക് പോയത്. ഇത് മക്കള്‍ക്ക് വേണ്ടി വച്ചതാവാമെന്ന് കരുതുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ഒരു വെട്ടുകത്തി ഷിബി ബാഗില്‍ കരുതിയിരുന്നു. കുട്ടികളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഇത് കണ്ടെത്തി. ഒരു സ്കൂള്‍ ബാഗും കണ്ടെത്തിയെങ്കിലും പഴയ തുണികള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. ചുവന്ന ടീ ഷര്‍ട്ടും നീല പാന്റുമായിരുന്നു ഫെബിന് ധരിച്ചിരുന്നത്.
നീല നിറത്തില്‍ വെള്ളപ്പുള്ളികളുള്ള സ്കര്‍ട്ടായിരുന്നു ഫേബയുടെ വേഷം. ആദ്യം ഫേബയെ വെട്ടിയതിനുശേഷം ഇളയമകന് ഫെബിനെതിരെ തിരിഞ്ഞിരിക്കാമെന്നാണ് നിഗമനം. കൈകള്‍ രണ്ടും തലയോട് ചേര്‍ത്ത് തലയിലേക്ക് വന്ന വെട്ടിനെ തടയാന്‍ ശ്രമിച്ച നിലയിലായിരുന്നു ഫെബിന് കിടന്നിരുന്നത്. ചേച്ചിയെ വെട്ടുന്നതില്‍ നിന്ന് ഫെബിന് അച്ഛനെ തടഞ്ഞിരിക്കണം. ചെന്നിലോട്ടെ വീട്ടില്‍നിന്നു താമസം മാറുന്ന പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കുറച്ച് സാധനങ്ങള്‍ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha