സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പിണറായിയുടെ ഇടപെടല്‍
ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാനാവൂ എന്ന കരിപ്പൂര്‍ വിമാനത്താവള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വ്യവസ്ഥയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ കുടുങ്ങിയ മലയാളിയുടെ മൃതദേഹം നാളെ രാവിലെ കേരളത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നാളെ രാവിലെ 9.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.
എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ് മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കാത്ത വിഷയം മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ സുര്‍ജിത് സിങ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഹെല്‍ത്ത് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രവാസികള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് അപ്രായോഗികമാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഉത്തരവിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. പുതിയ ഉത്തരവ് നടപ്പിലാക്കിയാല്‍ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചുരുങ്ങിയത് നാലു ദിവസമെങ്കിലും ആവശ്യമായി വരും. മരണം സംഭവിക്കുന്നത് വാരാന്ത്യത്തിലാണെങ്കില്‍ അത് ആറു ദിവസമാകും. എംബാമിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ അവസാന നിമിഷം വരെ കാത്തിരിക്കണം. 48 മണിക്കൂര്‍ മൃതദേഹം കേടാവാതെ സൂക്ഷിക്കുന്നതിനാണ് എംബാം ചെയ്യുന്നത്. പുതിയ ഉത്തരവ് പ്രകാരം എംബാമിംഗിനു ശേഷം രണ്ടു ദിവസം കൂടി മൃതദേഹം സൂക്ഷിക്കേണ്ടിവരമ്പോള് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ ഉണ്ടാവുകയും വിമാനത്തില്‍ കയറ്റാന്‍ കഴിയാതെയും വരുമായിരുന്നു.
https://www.facebook.com/Malayalivartha