നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തി; സുഹൃത്തുക്കള്‍ സംശയത്തിന്റെ നിഴലില്‍
നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി സംശയം. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ചില സുഹൃത്തുക്കള്‍ വഴിയാണ് ഇത് വിദേശത്തേക്ക് കടത്തിയതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇത് കണ്ടെത്തുന്നതിന് മൂന്ന് മാസത്തിനിടെ വിദേശയാത്ര നടത്തിയ ദിലീപിന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഫോണ്‍ വിദേശത്തേക്ക് കടത്തി അവിടെ നിന്നും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനായിരുന്നു ശ്രമം.
ദിലീപുമായി അടുപ്പമുള്ള സുഹൃത്തുക്കളെയും അടുപ്പക്കാരെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഇവര്‍ എന്തിനാണ് വിദേശത്തേക്ക് പോയത്, എന്തൊക്കെ സാധനങ്ങള്‍ കൂടെക്കൊണ്ട് പോയി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. തെളിവ് നശിപ്പിക്കുന്നതിനേക്കാള്‍ ഉപരി വിദേശത്തെ സെര്‍വര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യാനായിരുന്നു പ്രതികളുടെ ശ്രമമെന്നും അന്വേഷണ സംഘം പറയുന്നു.
കേസിലെ മുഖ്യതെളിവായി കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്ന ദൃശ്യങ്ങളടങ്ങിയ ഫോണ്‍ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘം കണ്ടെത്തിയിട്ടില്ല. ദിലീപിന്റേതെന്ന് കരുതുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ ദിവസം പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും കേസിലെ ആദ്യഘട്ടത്തില്‍ കോയമ്ബത്തൂരില്‍ നിന്നും കണ്ടെത്തിയ ഫോണുകളും സംഘം പരിശോധിച്ചെങ്കിലും കാര്യമായ വിവരം ലഭിച്ചില്ലെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha