ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കിയ പി.ആര്‍. ഏജന്‍സിയെ അന്വേഷണസംഘം കണ്ടെത്തി
ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കിയ പി.ആര്‍. ഏജന്‍സിയെ അന്വേഷണസംഘം കണ്ടെത്തി. ഇവര്‍ക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണെന്നാണ് വിവരം.
ദിലീപ് അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷം സഹതാപമുണര്‍ത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒരുപാടെത്തി. കേട്ടിട്ടില്ലാത്ത ഓണ്‍ലൈന്‍ പത്രങ്ങള്‍ ഇതിനായി പിറക്കുകയും ചെയ്തു. പ്രത്യേകസംഘമാണ് പി.ആര്‍. ഏജന്‍സിയെ കണ്ടെത്തിയത്. ആരാണ് ദിലീപിന് അനുകൂലമായി വാര്‍ത്ത നല്‍കാന്‍ കരാര്‍ നല്‍കിയതെന്നാണ് പ്രധാന അന്വേഷണം. അതേസമയം, യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി തള്ളി.
പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ ജൂലായ് 25 വരെ റിമാന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഉച്ചയോടെ പ്രോസിക്യൂഷന്‍ കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകന്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു.
ഫോണിനായി അദ്ദേഹത്തിന്റെ വസതിയിലടക്കം റെയ്ഡ് നടത്തി വരികയാണെന്നും, പൊലീസിന് ഫോണ്‍ ലഭിച്ചാല്‍ കൃത്രിമം കാട്ടി തെളിവുണ്ടാക്കുമെന്ന ആശങ്കയുള്ളതിനാലാണ് കോടതിയില്‍ സമര്‍പ്പിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha