സവാള മുറിച്ചപ്പോള്‍ വീട്ടമ്മയുടെ കൈകളില്‍ നീരും ചൊറിച്ചിലും
ചന്തയില്‍നിന്ന് വാങ്ങിയ സവാള തൊലികളഞ്ഞ് മുറിച്ചെടുത്തപ്പോള്‍ പുറത്തേക്ക് വന്ന ദ്രാവകം കൈയില്‍ പടര്‍ന്നതിനെത്തുടര്‍ന്ന് വീട്ടമ്മയുടെ കൈകളും ശരീരവും തടിച്ചുവീര്‍ത്തു. കുളത്തൂര്‍ കുഞ്ചാലുംമൂട് അയ്യരുവിളാകം വീട്ടില്‍ ജയ (52)ക്കാണ് സവാള മുറിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
പ്രദേശവാസികളായ നാല് സ്ത്രീകള്‍ക്കും ഇതേ അനുഭവമുണ്ടായി. കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടി.
കുഞ്ചാലുംമൂട്ടില്‍ പലവ്യഞ്ജനക്കട നടത്തുന്ന ജയ വില്‍പ്പനയ്ക്കായി 20 കിലോ സവാള ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ കടയില്‍നിന്ന് വാങ്ങിയിരുന്നു. വീട്ടാവശ്യത്തിനായി എടുത്ത സവാള മുറിച്ചപ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടയില്‍നിന്ന് നേരത്തെ സവാള വാങ്ങിയവരും സമാന പരാതിയുമായെത്തി.
ഇതിനുശേഷം വീട്ടുകാര്‍ ബാക്കിയുണ്ടായിരുന്ന സവാള മുഴുവന്‍ മുറിച്ചുനോക്കിയപ്പോള്‍ ഉള്ളില്‍നിന്ന് ചുവപ്പു ദ്രാവകം പുറത്തേക്ക് വന്നു. കേടുവരാതിരിക്കാന്‍ സവാളയില്‍ കീടനാശിനി ഉപയോഗിച്ചതാകാം കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
https://www.facebook.com/Malayalivartha