നടിയെ ആക്രമിച്ച സംഭവത്തിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് കണ്ടെത്തി
നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസിന് ലഭിച്ചതായി സൂചന. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഈ കാര്‍ഡിലാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞതാണോ എന്നും വ്യക്തമല്ല.
ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തും. രാജു ജോസഫിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് കരുതുന്നത്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് ജൂനിയറിനെ വിളിപ്പിച്ചത്.
ദിലീപ്, മാനേജര്‍ അപ്പുണ്ണി, പ്രതീഷ് ചാക്കോ എന്നിവരെ ഒപ്പം ചോദ്യംചെയ്തേക്കും. പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് നീട്ടിയത് പോലീസിന് തിരിച്ചടിയായി. അപ്പുണ്ണിയുടെയും പ്രതീഷ് ചാക്കോയുടെയും അറസ്റ്റ് വൈകില്ലെന്ന് പോലീസ് പറയുന്നു. രണ്ടുവര്‍ഷം മുമ്പ് മറ്റൊരാള്‍ക്ക് വേണ്ടി ഒരു നടിയെ പള്‍സര്‍ സുനി പീഡിപ്പിച്ചെന്ന വിവരം പോലീസിന് കിട്ടിയിട്ടുണ്ട്.
ഇവര്‍ അന്വേഷണസംഘത്തിന് മൊഴിനല്‍കാന്‍ തീരുമാനിച്ചതായി പറയുന്നു. ഇത് വിജയിച്ചതിനാലാണ് ഇതേപോലുള്ള ക്വട്ടേഷന്‍ സുനിയെ ഏല്‍പ്പിച്ചതെന്ന് പോലീസ് കരുതുന്നു. പ്രതിക്ക് നേരത്തേ ഇതേക്കുറിച്ച് അറിവുണ്ടായിരിക്കാമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha