സംസ്ഥാന സഹകരണ സംഘങ്ങളെ കുരുക്കാന്‍ ആദായനികുതി വകുപ്പിന്റെ നീക്കം, 2 ലക്ഷത്തോളം വരുന്ന നിക്ഷേപകര്‍ക്ക് നോട്ടീസ്
നികുതി വലയ്ക്ക് പുറത്തുള്ള സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ കുരുക്കാന്‍ ആദായ നികുതി വകുപ്പിന്റെ നീക്കം. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം വരുന്ന നിക്ഷേപകര്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. സഹകരണ സംഘങ്ങളില്‍ മൊത്തം 80,000 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഈ നിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പലിശയ്ക്ക് നികുതി ഈടാക്കാനാണ് നടപടി. ഇതിലൂടെ, സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ കണക്കുണ്ടാക്കാനും കഴിയും.
സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ഇപ്പോള്‍ നികുതിയില്ല. മാത്രമല്ല, വാണിജ്യ ബാങ്കുകളെക്കാള്‍ രണ്ട് ശതമാനം പലിശ കൂടുതല്‍ ലഭിക്കുന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ സംഘങ്ങള്‍ വഴിയൊരുക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് ഈ നടപടി.
2012 മുതല്‍ പണം നിക്ഷേപിച്ചവര്‍ക്കും പിന്‍വലിച്ചവര്‍ക്കുമാണ് നോട്ടീസ് നല്‍കുന്നത്. 1961ലെ ആദായ നികുതി വകുപ്പ് ആക്ടിലെ 133 (6) പ്രകാരമുള്ള നോട്ടീസില്‍ തേടുന്നത് നാല് വര്‍ഷത്തെ വിവരങ്ങളാണ്. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ടോ, പാന്‍ നമ്പരുണ്ടോ, നികുതി അടച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
നിക്ഷേപകരുടെ ഈ വിവരങ്ങള്‍ നല്‍കാന്‍ വിമുഖത കാട്ടിയ പല സംഘങ്ങളുടെയും സര്‍വറുകളില്‍ കടന്ന് കയറി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കുന്നത്. സ്പീഡ് പോസ്റ്റില്‍ എത്തുന്ന നോട്ടീസിന് ഇരുപത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. നോട്ടീസ് ലഭിച്ച നിക്ഷേപകരില്‍ പലരും അങ്കലാപ്പിലും ഓട്ടത്തിലുമാണ്
ചിലര്‍ നാല് വര്‍ഷത്തെ റിട്ടേണ്‍ തയ്യാറാക്കി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍, നികുതി അടച്ചിട്ടുണ്ടോ എന്നായി ചോദ്യം. ഇല്ലെന്ന് പറഞ്ഞവരോട് നിയമ പ്രകാരമുള്ള നികുതി അടച്ച ശേഷം വരാനായിരുന്നു നിര്‍ദ്ദേശം. ജോലിയില്‍ നിന്ന് വിരമിച്ചവരാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും. വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുക പലരും സംഘങ്ങളില്‍ നിക്ഷേപിക്കും. നികുതിയില്ല. ഉയര്‍ന്ന പലിശയും. വാണിജ്യ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ പലിശയ്ക്കുള്ള നികുതി പിടിക്കും. പലിശയും കുറവ്.
നികുതി പിടിത്തം നിക്ഷേപകരുടെ എണ്ണം കുറയ്ക്കുമോയെന്ന ആശങ്കയിലാണ് സഹകരണ സംഘങ്ങള്‍. നികുതി അടച്ചിട്ടില്ലെങ്കില്‍ നികുതി തുകയ്ക്ക് ഒരു ശതമാനം പലിശയും നല്‍കണം.
https://www.facebook.com/Malayalivartha