നടി ആക്രമിക്കപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
നടി ആക്രമിക്കപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അങ്കമാലി കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപിനെതിരെ പൊലീസിന്റെ പക്കലുള്ളത് കൃത്രിമ തെളിവുകളാണെന്ന് പ്രതിഭാഗം നേരത്തെ അങ്കമാലി കോടതിയില്‍ വാദിച്ചിരുന്നു. മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം ഉള്‍പ്പടെ ചുമത്തിയിരിക്കുന്നതെന്ന മുന്‍ വാദവും ഹൈക്കോടതിയില്‍ ആവര്‍ത്തിക്കും.
അതേസമയം പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ ഒളിവില്‍ പോയ സാഹചര്യത്തില്‍ ജൂനിയര്‍ അഭിഭാഷകന്‍ രാജു ജോസഫിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്, പള്‍സര്‍ സുനിയുടെ വസ്ത്രങ്ങള്‍, 2 സിം കാര്‍ഡുകള്‍, ഒരു മൊബൈല്‍ ഫോണ്‍ എന്നിവ പ്രതീഷ് ചാക്കൊയുടെ ഓഫീസില്‍ നിന്നും പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
ഈ സമയത്ത് രാജു ജോസഫ് പ്രതീഷ് ചാക്കൊയുടെ ഓഫീസില്‍ ഉണ്ടായിരുന്നു. ഒളിവില്‍ പോയ പ്രതീഷ് ചാക്കൊ എവിടെ ആണെന്നതുള്‍പ്പടെയുള്ള വിവരങ്ങളും അന്വേഷണ സംഘം രാജു ജോസഫിനോട് ചോദിച്ചു. പ്രതീഷ് ചാക്കൊയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് വേണ്ടിയും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha