തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
ഡാന്‍സ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ മകളും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ പെണ്‍കുട്ടിയേയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
രക്ഷപെടാന്‍ ഓട്ടോയില്‍ നിന്നും ചാടിയ പെണ്‍കുട്ടിക്ക് മുഖത്തും കാലിനും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നഗരത്തില്‍ നടന്ന സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പള്ളിച്ചല്‍ നരുവാമൂട് സ്വദേശി കുമാരന്‍ എന്ന ഓട്ടോ ഡ്രൈവറെയാണ് പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. രാവിലത്തെ ഡാന്‍സ് പ്രാക്ടീസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ഓട്ടം പോയി വന്ന കുമാരന്റെ ഓട്ടോയ്ക്ക് കൈ കാട്ടി വിളിച്ചു കയറി. ഓട്ടോയില്‍ കയറിയത് മുതല്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ചോദ്യങ്ങളും സംസാരവും അതിരുവിട്ടതോടെ പെണ്‍കുട്ടി മിണ്ടാതിരിക്കുകയും പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറയുകയും ചെയ്തു.
ഇതിനിടയില്‍ പേട്ട റെയില്‍വേ പാലത്തില്‍ ട്രാഫിക്കില്‍ കുടുങ്ങിയ ഓട്ടോ മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടയില്‍ പെണ്‍കുട്ടി നിലവിളിക്കുകയും ഇത് കണ്ട് അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് ഓട്ടോ തടയാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഓട്ടോ നിര്‍ത്താതെ പോയതോടെ ഇവര്‍ വിവരം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചു.
ഇതിനിടയില്‍ ആനയറ പാലത്തിലേക്ക് ഓട്ടോ കയറുന്നതിനിടയില്‍ വേഗത കുറഞ്ഞപ്പോള്‍ പെണ്‍കുട്ടി എടുത്തു ചാടുകയും നിലവിളികേട്ട് സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിയെത്തുകയും പേട്ട മുതല്‍ ഓട്ടോയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയവര്‍ ഡ്രൈവറെ പിടികൂടുകയുമായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പെണ്‍കുട്ടി വിളിച്ചപ്പോള്‍ തന്നെ സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ഈ സമയത്ത് തന്നെ പാലത്തിന് സമീപത്തേക്ക് എത്തിയിരുന്നു. പോലീസ് തടയാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോഴാണ് പെണ്‍കുട്ടി ഓട്ടോയില്‍ നിന്നും എടുത്തു ചാടി രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha