ഡി സിനിമാസ് എന്ന സിനിമാ സമുച്ചയം സ്ഥാപിച്ചതിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ ദിലീപിനോട് റവന്യൂ വകുപ്പ്
കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ നടന്‍ ദിലീപ് പുറമ്പോക്ക് ഭൂമി കൈയേറി ഡി സിനിമാസ് എന്ന സിനിമാ സമുച്ചയം സ്ഥാപിച്ചതിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ നടനോട് റവന്യൂ വകുപ്പ് നിര്‍ദ്ദേശിച്ചു. ദിലീപിനെ കൂടാതെ ജില്ലാ സര്‍വെ സൂപ്രണ്ട് അടക്കം ഏഴ് പേരോടും ഭൂമിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം കളക്ടര്‍ക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ദിലീപിന്റെ മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവകാശ രേഖകള്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിനും റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ചാലക്കുടിയിലെ കൈയേറ്റ ഭൂമിയിലാണ് ദിലീപ് ഡി സിനിമാസ് തിയേറ്റര്‍ നിര്‍മിച്ചതെന്നു തൃശൂര്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചാലക്കുടി ഡി സിനിമാസ് തിയേറ്റര്‍ നിര്‍മ്മിച്ചത് കൈയേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് എന്നയാള്‍ 2015 ജൂണ്‍ 11ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ അദ്ദേഹം കളക്ടര്‍ക്കു കൈമാറി. എന്നാല്‍ ദിലീപിന് അനുകൂലമായ തീരുമാനമാണ് അന്നത്തെ കളക്ടര്‍ എടുത്തത്. കളക്ടറുടെ തീരുമാനത്തില്‍ പിഴവുണ്ടെന്നു കണ്ട് അത് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ റദ്ദാക്കി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ കളക്ടറോട് ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
വളരെ സങ്കീര്‍ണമായ പ്രശ്‌നമായതിനാല്‍ ഈ വിഷയം കളക്ടര്‍ പഠിച്ചു വരികയാണ്. സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് വലിയ കോയിത്തമ്പുരാന്‍ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഈ ഭൂമി. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്ക് ആണ്. 17.5 സെന്റ് പലരില്‍ നിന്നായി വാങ്ങിയെന്നാണ് പറയപ്പെടുന്നത്.
അവര്‍ക്ക് ഈ ഭൂമി എങ്ങനെ സ്വന്തമായെന്നും എങ്ങനെ ഇത് പോക്കുവരവു ചെയ്ത് കരം അടച്ചെന്നും വ്യക്തമല്ല. ഇതിന്റെ പല രേഖകളും കാണാനില്ല. ശേഷിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും സംശയം നിലനില്‍ക്കുന്നു. ദിലീപിന് ഇത് കൈമാറിയവരുടെ യഥാര്‍ത്ഥ ഉടമസ്ഥതയിലുള്ള സ്ഥലം തന്നെയാണോ എന്നാണ് സംശയം.
https://www.facebook.com/Malayalivartha