ദിലീപിന്റെ ഡി സിനിമാസിനെപ്പറ്റി നിര്‍ണായക തെളിവുകള്‍
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിനെപ്പറ്റി നിര്‍ണായക തെളിവുകള്‍. ഡി സിനിമാസിന്റെ കൈവശാവകാശ രേഖ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ സ്‌കെച്ചും ചാലക്കുടി നഗരസഭയുടെ ഫയലില്‍ ഇല്ല. ഈ രണ്ടു രേഖകള്‍ ഇല്ലാതെ കെട്ടിട നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്‍കിയത് ദുരൂഹമാണ്. രേഖകള്‍ കാണാതായത് വിജിലന്‍സിനെ അറിയിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
ചാലക്കുടിയില്‍ നടന്‍ ദിലീപന്റെ ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു തൃശൂര്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചാലക്കുടിയിലെ കയ്യേറ്റ ഭൂമിയിലാണു ദിലീപ്, ഡി സിനിമാസ് തിയറ്റര്‍ നിര്‍മിച്ചതെന്നു തൃശൂര്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചനയുള്ള സാഹചര്യത്തില്‍ മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവകാശ രേഖകള്‍ സംബന്ധിച്ചു റവന്യു വകുപ്പ് ഉന്നതതല അന്വേഷണം നടത്തും.
ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും സ്ഥലം സ്വന്തമാക്കാനാവില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണു വിശദ അന്വേഷണത്തിലേക്കു പോകുന്നത്. ചാലക്കുടിയില്‍ ഡി സിനിമാസ് തിയറ്റര്‍ നിര്‍മിച്ചതു കയ്യേറ്റഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടി സന്തോഷ് എന്നയാള്‍ 2015 ജൂണ്‍ 11നു ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നുള്ള അന്വേഷണം ഇഴഞ്ഞാണു നീങ്ങുന്നത്.
വളരെ സങ്കീര്‍ണമായ പ്രശ്‌നമായതിനാല്‍ വിഷയം പഠിച്ചുവരികയാണെന്നും കൊച്ചി ദേവസ്വം അധികൃതരെക്കൂടി ഹിയറിങ്ങിനു വിളിച്ചിട്ടുണ്ടെന്നും കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഭൂമി സംബന്ധിച്ചു കൊച്ചി ദേവസ്വത്തോടു ചില ചോദ്യങ്ങള്‍ ചോദിച്ചതിനു മറുപടി ലഭിച്ചിരുന്നു. ദേവസ്വം വകയാണോ ഈ സ്ഥലം എന്നും ആരാഞ്ഞിട്ടുണ്ട്.
സര്‍വേ റിപ്പോര്‍ട്ട് പ്രകാരം വലിയ കോയിത്തമ്പുരാന്‍ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണു ഭൂമി. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരില്‍ നിന്നു വാങ്ങിയതാണ്. അവര്‍ക്ക് ഈ ഭൂമി എങ്ങനെ സ്വന്തമായെന്നും എങ്ങനെ കരം അടച്ചുവെന്നും വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാനില്ല.
വിഷയത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നു മധ്യമേഖലാ റവന്യു വിജിലന്‍സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണു മുഴുവന്‍ ഭൂമിയുടെയും പഴയ കാലത്തേത് ഉള്‍പ്പെടെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിക്കാന്‍ റവന്യു വകുപ്പ് ആലോചിക്കുന്നത്. കയ്യേറ്റത്തിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്നതല്ലാതെ ഇനി എന്തു ചെയ്യണമെന്ന ശുപാര്‍ശ കലക്ടറുടെ റിപ്പോര്‍ട്ടിലില്ല.
1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് തൃശൂര്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സര്‍ക്കാര്‍ഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതില്‍ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായും കലക്ടര്‍ തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. മുന്‍ കലക്ടര്‍ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയര്‍ന്നതെന്നും കലക്ടര്‍ പറഞ്ഞു.
അതേസമയം, കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ നടന്‍ ദിലീപ് പുറമ്പോക്കു ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം കലക്ടര്‍ക്കു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha