നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പള്‍സര്‍ സുനി; ഇനിയും പ്രതികൾ...
നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പ്രതി പള്‍സര്‍ സുനി. കേസില്‍ ഇനിയും പ്രതികള്‍ കുടുങ്ങാനുണ്ടെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ അങ്കമാലി കോടതി പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി നീട്ടി. അതേ സമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. അപ്പോള്‍ മുതല്‍ ഇയാള്‍ ഒളിവിലാണ്.
അപ്പുണ്ണിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇതിനിടെ ദിലീപിനെതിരെ ജാമ്യം തടയാന്‍ തക്ക ശക്തമായ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എ.വി ജോര്‍ജ് പറഞ്ഞു. കുറ്റപത്രം അന്വേഷണം തീരുന്ന മുറയ്ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിലീപിന്റെ മാനേജര്‍ എന്നാണ് സിനിമാരംഗം അപ്പുണ്ണിയെ വിശേഷിപ്പിക്കുന്നത്. കൊച്ചി ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശിയായ സുനില്‍രാജ് എന്ന അപ്പുണി ദിലീപിന്റെ ഡ്രൈവറായെത്തുന്നത് ആറ് വര്‍ഷം മുന്‍പാണ്. ലൊക്കേഷനുകളില്‍ ഡ്രൈവറായിരുന്ന സഹോദരനാണ് അപ്പുണിയെ സിനിമാ മേഖലയില്‍ എത്തിച്ചത്. ഡ്രൈവര്‍ കുപ്പായത്തില്‍ നിന്ന് ദിലീപിന്റെ വിശ്വസ്തനായ മാനേജറുടെ റോളിലേക്ക് വളരെപ്പെട്ടന്ന് അപ്പുണി മാറുകയും ചെയ്തു.
പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി അപ്പുണി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അവര്‍ തമ്മിലുള്ള സംഭാഷണവും കേരളം കേട്ടതാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് അന്വേഷണസംഘം അപ്പുണിക്കായി വലവിരിച്ചിരിക്കുന്നതും. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ അപ്പുണി ഒളിവിലാണ്.
ദിലീപിനേയും അപ്പുണ്ണിയേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. എന്നാല്‍ അപ്പോഴേക്കും അപ്പുണ്ണി ഒളിവില്‍ പോയിരുന്നു. പണം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തപ്പോള്‍ അപ്പുണ്ണി സുനിയോട് കയര്‍ത്തു സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്. നിരപരാധിയാണെങ്കില്‍ അപ്പുണ്ണി എന്തിന് ഒളിവില്‍ പോയി എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.
https://www.facebook.com/Malayalivartha