അന്ന് തിലകന്‍ പറഞ്ഞു: 'നിങ്ങളറിയാത്ത രണ്ട് ആത്മഹത്യകള്‍ മലയാളസിനിമയില്‍ നടന്നിട്ടുണ്ട്'
തിലകന്‍ സത്യം പറഞ്ഞതോ അമ്മയുടെ വിലക്കിന് കാരണം. ഏഴ് വര്‍ഷത്തിന് ശേഷമാണ് നടന്‍ ശ്രീനാഥിന്റെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തിയ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ സംശയം മരണസമയത്തുതന്നെ പറഞ്ഞൊരാള്‍ നടന്‍ തിലകനാണ്. കോതമംഗലത്ത് കിടന്ന് മരിച്ചയാളിന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആലപ്പുഴയിലെത്തിച്ചത് തന്റെ സംശയം ഇരട്ടിപ്പിച്ചെന്നായിരുന്നു തിലകന്‍ ശ്രീനാഥ് അനുസ്മരണത്തില്‍ പറഞ്ഞത്. തൊഴില്‍ നിഷേധം മൂലം മലയാളസിനിമയില്‍ ആത്മഹത്യ ചെയ്ത രണ്ടുപേര്‍ ഉണ്ടെന്നും അവരില്‍ ഒന്ന് ഒരു ലൈറ്റ് ബോയ് ആയിരുന്നെന്നും അദ്ദേഹം അന്ന് പറഞ്ഞു.
ശ്രീനാഥ് അനുസ്മരണത്തില്‍ തിലകന്‍ പറഞ്ഞത്
'മരിയ്ക്കുന്നതിന് രണ്ടാഴ്ച മുന്‍പ് എന്റെ മകന്റെ കുട്ടിയുടെ ഒന്നാം പിറന്നാളിന് ശ്രീനാഥ് വന്നിരുന്നു. എന്നെ കണ്ടപ്പോള്‍ ഒഴിഞ്ഞുമാറി. അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. ഞാന്‍ എന്റെ മകനെ വിളിച്ച് ചോദിച്ചു, ആ നില്‍ക്കുന്നത് ശ്രീനാഥ് അല്ലേയെന്നും എന്താണ് എന്നെ കണ്ട് മാറി നില്‍ക്കുന്നതെന്നും. അച്ഛനെ ഫേസ് ചെയ്യാന്‍ അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍ അച്ഛനോടുള്ള 'അമ്മ'യുടെ പെരുമാറ്റത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട് അതിനാലാണെന്നും പറഞ്ഞു മകന്‍. പിന്നീട് ശ്രീനാഥിനോട് സംസാരിച്ചു. വളരെ സ്‌നേഹത്തോടെ സംസാരിച്ചാണ് അന്ന് പിരിഞ്ഞത്. പല സുഹൃത്തുക്കളും എന്നോട് പറഞ്ഞു, ഇതൊരു കൊലപാതകമാണെന്ന്. പക്ഷേ അവരാരും ഇത് പുറത്തുപറയാന്‍ ധൈര്യപ്പെടുന്നില്ല. ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ സഹപ്രവര്‍ത്തകന്‍ ഞാന്‍ മാത്രമാണ്.
കോതമംഗലത്ത് കിടന്ന് മരിച്ചയാളിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെങ്കില്‍ ഏറ്റവുമടുത്തുള്ള മെഡിക്കല്‍ കോളെജ് കോട്ടയത്താണ്. അതല്ലെങ്കില്‍ തൃശൂരില്‍. പിന്നെന്തിനാണ് ആലപ്പുഴയിലേക്ക് കൊണ്ടുപോയത്? ആലപ്പുഴയില്‍ 'അമ്മ'യുടെ ട്രഷററുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. ഫോറന്‍സികില്‍. എനിയ്ക്ക് ഏറ്റവും സംശയമുണ്ടാക്കിയത് അതാണ്.
നിങ്ങള്‍ അറിയാത്ത വേറെ രണ്ട് ആത്മഹത്യകള്‍ കൂടി നടന്നിട്ടുണ്ട്. ഒരു ലൈറ്റ് ബോയ് അടക്കം രണ്ട് സിനിമാ തൊഴിലാളികള്‍. അവര്‍ക്ക് പ്രശസ്തി ഇല്ലാത്തതുകൊണ്ട് ആ മരണങ്ങള്‍ പുറത്തേക്ക് അറിഞ്ഞില്ല. അതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. അതിന്റെ കാരണവും തൊഴില്‍ നിഷേധമാണ്..'
https://www.facebook.com/Malayalivartha