ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കും; ശബരിമലയിലേയ്ക്കുള്ള ദൂരം 48 കിലോമീറ്റര്‍
ചെറുവളളിയില്‍ വിമാനമിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. എതിര്‍ത്ത് കേരള ബിജെപി ഘടകം വീണ്ടും. പിന്തുണച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ. കേരളത്തില്‍ വീണ്ടും പുതിയ സമരകാഹളത്തിന് തുടക്കം. മറ്റൊരു ആറന്‍മുളയാകുമോ ചെറുവള്ളി.
ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി താലൂക്കിലുള്ള ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി എസ്‌റ്റേറ്റില്‍ നിര്‍മിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
നേരത്തെ, സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെറുവളളി എസ്‌റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇവിടെ 2,263 ഏക്കര്‍ ഭൂമിയാണുള്ളത്.
രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം. ഇവിടെ നിന്ന് 48 കിലോമീറ്ററാണ് ശബരിമലയിലേക്കുള്ള ദൂരം. കൊച്ചിയില്‍നിന്ന് 113 കിലോ മീറ്റര്‍ ദൂരമുണ്ട്. ആറന്മുള വിമാനത്താവളത്തിനു പകരമാണ് കോട്ടയത്ത് വിമാനത്താവളം വരുന്നത്.
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണ് നിലവില്‍ പാട്ടക്കാലവധി കഴിഞ്ഞ ചെറുവള്ളി എസ്‌റ്റേറ്റ്. സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്നും തിരിച്ച് പിടിക്കേണ്ടതാണെന്ന് വ്യക്തമാക്കിയും സ്‌പെഷ്യല്‍ ഓഫിസര്‍ എ.ജി രാജമാണിക്യം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ബിലിവേഴ്‌സ് ചര്‍ച്ചാകട്ടെ എസ്‌റ്റേറ്റിന്റെ അവകാശവാദവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് വിട്ടുകൊടുക്കില്ലെന്നും ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha