പിച്ചവച്ചു നടന്ന വീട്ടുമുറ്റത്ത് കൊച്ചു കിരണിന് കുഴിമാടം: അവസാനമായി പൊന്നുമോനെ കാണാന്‍ അച്ഛന്‍ അലമുറയിട്ടു, നാടൊന്നടങ്കം കണ്ണീരോടെ...
പിച്ചവച്ചു നടന്ന ഒറ്റമുറി വീടിനു മുന്നിലെ ഇത്തിരിവട്ടത്തില്‍ എട്ടുവയസ്സുകാരന്‍ കിരണ്‍കുമാറിനു കുഴിമാടമൊരുങ്ങി. കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍പെട്ടു മരിച്ച വിളവൂര്‍ക്കല്‍ നാലാംകല്ല് പ്ലാങ്കോട്ടുമുകള്‍ മേലെപുത്തന്‍വീട്ടില്‍ കൃഷ്ണകുമാര്‍-ബിന്ദു ദമ്പതികളുടെ മകന്‍ കിരണ്‍കുമാറിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്‌കരിച്ചു. വീട്ടുവളപ്പിലാണു ചടങ്ങുകള്‍ നടന്നത്.
ബന്ധുക്കളായി അധികമാരുമില്ലെങ്കിലും നാടൊന്നടങ്കം യാത്രാമൊഴിയേകാന്‍ ആ കൊച്ചുവീട്ടില്‍ എത്തിയിരുന്നു. അവസാനമായി പൊന്നുമകനെ ഒരു നോക്കു കാണാന്‍ പിതാവ് കൃഷ്ണകുമാര്‍ അലമുറയിട്ടു.
പൊന്നുമോനെ കിടത്തിയിരുന്ന പെട്ടിയില്‍ കെട്ടിപ്പിടിച്ച് അയാള്‍ നിലവിളിച്ചു. ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. അലമുറയിട്ട് കരയുമ്പോഴും മൂത്തമകന്‍ അഭിലാഷിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്നു.
മെഡിക്കല്‍ കോളജില്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹം പതിനൊന്നരയോടെ അമ്മൂമ്മ ശ്യാമള വാടകയ്ക്കു താമസിക്കുന്ന ശാന്തുംമൂലയിലെ വീട്ടില്‍ എത്തിച്ചു.
കിരണ്‍കുമാര്‍ പഠിച്ചിരുന്ന മലയിന്‍കീഴ് എല്‍പി ബോയ്‌സ് സ്‌കൂളിലെ അധികൃതരും ജനപ്രതിനിധികളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. തുടര്‍ന്നാണു മൃതദേഹം വിളവൂര്‍ക്കലിലേക്കു കൊണ്ടുപോയത്.
ചൊവ്വാഴ്ചയാണ് വീട്ടിലെ അറ്റകുറ്റപ്പണിക്കിടെ പിതാവ് കൃഷ്ണകുമാര്‍ ഇറക്കിയ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍പെട്ടു മൂന്നാംക്ലാസുകാരനായ കിരണ്‍കുമാര്‍ മരിച്ചത്.
അടുക്കളയില്‍ മാറ്റിസ്ഥാപിക്കുന്നതിനായി വീടിനു പുറത്ത് അരകല്ലു വച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബ് കൃഷ്ണകുമാര്‍ ഇളക്കുകയായിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ കൃഷ്ണകുമാര്‍ ഒറ്റയ്ക്കാണു ജോലി ചെയ്തിരുന്നത്. നാലടി ഉയരത്തില്‍ ഇരുന്ന സ്ലാബ് തടികള്‍ ഉപയോഗിച്ചു പതുക്കെ താങ്ങി ഇറക്കുന്നതിനിടെ സമീപത്തു നിന്ന മകന്റെ ദേഹത്തേക്കു മറിഞ്ഞു വീഴുകയായിരുന്നു.
അടിയില്‍പെട്ടു നിലവിളിച്ച കിരണിനെ കൃഷ്ണകുമാറും വീട്ടിലുണ്ടായിരുന്ന അമ്മ സിന്ധുവും സഹോദരന്‍ അഭിലാഷും(ഒന്‍പത്) ചേര്‍ന്നു പുറത്തെടുത്തു. തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. പ്രധാന റോഡില്‍നിന്ന് അല്‍പം മാറി ഉയരത്തിലാണു വീട്. ആശുപത്രിയിലെത്തിക്കാന്‍ വാഹനത്തിനായി രക്തം വാര്‍ന്ന മകന്റെ ശരീരവുമായി പിതാവ് ഇടുങ്ങിയ വഴിയിലൂടെ ഓടി.
ഒടുവില്‍ കിട്ടിയ വാഹനത്തില്‍ കയറി മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ആ അച്ഛന്റെയും അമ്മയുടെയും നിലവിളി കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. കുഞ്ഞനുജനെ കാണണമെന്നു പറഞ്ഞു മൂത്തമകന്റെ നിലവിളി അച്ഛനേയും അമ്മയേയും തളര്‍ത്തി.
മകന്‍ സ്‌കൂളില്‍ പോണില്ല എന്നു പറഞ്ഞപ്പോള്‍ ഇത്രയും വലിയ ഒരു ദുരന്തത്തിനാണെന്നു ആരും കരുതിയില്ല. ചേട്ടന്‍ സ്‌കൂളില്‍ പോണില്ലല്ലോ അതുകൊണ്ടു ഞാനും പോണില്ല അതു മൂന്നാം ക്ലാസുകാരന്‍ കിരണ്‍കുമാറിന്റെ എന്നെന്നേക്കുമായുള്ള അവധിയാകുമെന്ന് ആരും കരുതിയില്ല. അമ്മൂമ്മ ശ്യാമളയോടൊപ്പം മലയിന്‍കീഴ് ശാന്തംമൂലയിലുള്ള വീട്ടാണു കിരണ്‍കുമാറും സഹോദരന്‍ അഭിലാഷും നില്‍ക്കുന്നത്. സാധാരണ രണ്ടുപേരും ഒരുമിച്ച് അവിടെ നിന്നാണ് സ്‌കൂളില്‍ പോകുന്നത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അമ്മ ബിന്ദു വിളവൂര്‍ക്കല്‍ നാലാംകല്ല് പ്ലാങ്കോട്ടുമുകളിലെ വീട്ടിലേക്കു മക്കളെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.
പനിയായതിനാല്‍ അഭിലാഷിനെ ഇന്നലെ സ്‌കൂളില്‍ അയച്ചില്ല. ചേട്ടന്‍ പോകാത്തതിനാല്‍ ഞാനും പോണില്ലെന്നു പറഞ്ഞ് കിരണ്‍ വാശി പിടിച്ചു. ഒടുവില്‍ വീട്ടുകാര്‍ അതിനു വഴങ്ങി. അങ്ങനെയാണ് അച്ഛനെ ചുറ്റിപ്പറ്റി അവന്‍ നടന്നത്.
ജോലി ചെയ്യുന്നതിനിടയില്‍ പൊന്നുമകന്‍ നില്‍ക്കുന്നതു ശ്രദ്ധിച്ചില്ലെന്നു പറയുമ്പോള്‍ കൃഷ്ണകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അപകടം നടന്ന വീടിനരികില്‍ നിന്നാണ് ആ പിതാവ് വേദനയോടെ പോലീസിനു മൊഴി നല്‍കിയത്
മകനെ എടുത്തു കൊണ്ടോടുമ്പോള്‍ പറ്റിയ രക്തക്കറ ഉടുപ്പിലും കയ്യിലും അപ്പോഴും മാഞ്ഞിരുന്നില്ല. ഷീറ്റും പ്ലാസ്റ്റിക് കവറുകളും മേഞ്ഞ ഒറ്റമുറി വീട്ടില്‍ ദുരന്തമറിഞ്ഞെത്തിയവര്‍ക്കു മുന്നില്‍ കണ്ണീര്‍ക്കാഴ്ചയായി.
https://www.facebook.com/Malayalivartha