നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലില്‍ മനമുരുകി പ്രാര്‍ത്ഥനയോടെ...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് വിവിധ കേസുകളില്‍ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികള്‍ക്കൊപ്പം സ്വന്തം നാട്ടിലെ ജയിലില്‍ ശാന്തനായി കഴിയുന്നതായാണ് റിപ്പോര്‍ട്ട്. ജാമ്യംനേടാനുള്ള നിയമനടപടികളുമായി ദിലീപിനുവേണ്ടിയുള്ള നീക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ ജയിലില്‍ പ്രാർത്ഥനയോടെ ദിലീപ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തപ്പോള്‍ അവിടെ പ്രമുഖ നടനെന്ന നിലയില്‍ പ്രത്യേക പരിഗണനയോടുകൂടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍, ഇത് അന്നുതന്നെ പോലീസ് നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് സബ്ജയിലിലെത്തിയ ദിലീപിന് സാധാരണ തടവുകാര്‍ക്കുള്ള പരിഗണനയോടെ നാലുപേരുള്ള സെല്ലില്‍ 523ാം നമ്പര്‍ തടവുകാരനായി പാര്‍പ്പിക്കുകയായിരുന്നു. ആദ്യദിവസം പിന്നിട്ടതോടെ ജയിലിലെ ജീവിതവുമായി നടന്‍ പൊരുത്തപ്പെട്ടു.
ഇതിനിടയില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിനാല്‍ ആ ദിവസങ്ങള്‍ ആലുവ പോലീസ് ക്ലബിലായിരുന്നു ദിലീപിന്റെ തടവ്. കസ്റ്റഡിയിലെ ചോദ്യംചെയ്യലുകളും തെളിവെടുപ്പുകളും പൂര്‍ത്തിയാക്കി പഴയ സെല്ലില്‍തന്നെ തിരിച്ചെത്തിയതോടെ ദിലീപി വീണ്ടും ജയിലിലെ താരമായി മാറി. അങ്ങനെ അഭ്രപാളികളില്‍ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് മലയാളികളുടെ പ്രിയതാരം ഉറങ്ങിയും വായനയില്‍ മുഴുകിയും തന്റെ ജയില്‍ദിനങ്ങള്‍ തള്ളിനീക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളില്‍ നാലുപേര്‍ ആലുവ സബ്ജയിലില്‍തന്നെ റിമാന്റിലുണ്ട്.
കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള മറ്റു പ്രതികള്‍ കാക്കനാട് ജില്ലാ ജയിലിലാണ്. ഇങ്ങോട്ട് അയക്കരുതെന്ന് ദിലീപ്തന്നെ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍, ആലുവ ജയിലിലുള്ള വടിവാള്‍ സലിം, പ്രദീപ്, മണികണ്ഠന്‍, മാര്‍ട്ടിന്‍ എന്നീ പ്രതികള്‍ക്കാകട്ടെ നടന്‍ ദിലീപിനെ നേരില്‍ കാണാനോ സംസാരിക്കാനോ ഇതുവരെ അവസരം നല്‍കിയിട്ടില്ല. എല്ലാ തടവുകാരും സംഗമിക്കുന്ന ഞായറാഴ്ചയിലെ സിനിമാപ്രദര്‍ശനം കാണാനുള്ള അവസരം ദിലീപടക്കമുള്ള പ്രതികള്‍ക്ക് ജയില്‍ അധികൃതര്‍ നിഷേധിക്കുകയും ചെയ്തു.
കൂടുതല്‍ സമയവും നിശബ്ദനായി കഴിയുന്ന ദിലീപ് ഇടയ്ക്ക് സെല്ലിലെ സഹതടവുകാരുമായി സംസാരിക്കാറുണ്ട്. തടവുപുള്ളിയായി കേരളം അറിയുന്ന ഒരു സെലിബ്രിറ്റി എത്തിയതിന്റെ ആദ്യ അങ്കലാപ്പുകളില്‍നിന്നും ജയില്‍ അധികൃതരും ഇപ്പോള്‍ മോചിതരായി. ജയിലില്‍ ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും അഭിഭാഷകനും മാത്രമാണ് സന്ദര്‍ശനാനുമതി. റിമാന്റിലായശേഷം ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത് സഹോദരന്‍ അനൂപും സഹോദരീഭര്‍ത്താവും മാത്രം. പത്തുമിനിറ്റ് മാത്രം നീണ്ടുനിന്ന ഇവരുടെ സന്ദര്‍ശനം ജയില്‍ അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു.
ജയില്‍നിയമപ്രകാരം നിശ്ചിത തുക മണിയോര്‍ഡറായി അയച്ചാല്‍ ബന്ധുക്കളെയും അഭിഭാഷകരെയും ഫോണില്‍ ബന്ധപ്പെടാന്‍ സൗകര്യമുള്ള കാര്യം അധികൃതര്‍ സഹോദരനെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ദിലീപിന്റെ ജയില്‍വിലാസത്തില്‍ സഹോദരന്‍ 200 രൂപ മണിയോര്‍ഡര്‍ അയക്കുകയും ചെയ്തു. ജയില്‍ സൂപ്രണ്ടിന് നേരത്തെ നല്‍കുന്ന മൂന്ന് നന്പറുകളിലേക്ക് മാത്രം ആഴ്ചയില്‍ മൂന്നുതവണവരെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കും. ദിലീപിനായി അയച്ച മണിയോര്‍ഡര്‍ ഇന്നലെ ജയിലില്‍ കൈപ്പറ്റിയിട്ടുണ്ട്.
ദിലീപ് ആവശ്യപ്പെടുന്ന പ്രകാരം ഈ തുക ഫോണ്‍ ചെയ്യുന്നതിനായി ജയില്‍ അധികൃതര്‍ അനുവദിക്കും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജയിലില്‍നിന്നും ഫോണ്‍വിളിക്കാനുള്ള അവസരം ഇതോടെ ലഭ്യമാകും. പ്രത്യേക സമയങ്ങളില്‍മാത്രം അനുവദനീയമായ ദിനചര്യകള്‍, ഭക്ഷണക്രമങ്ങള്‍ എന്നിവയുമായി ദിലീപ് ഇതിനകം പൊരുത്തപ്പെട്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha