സുനിയുടെ പക്കല്‍ കൂടുതല്‍ നടിമാരുടെ ദൃശ്യങ്ങള്‍; ഫോണ്‍ നശിപ്പിച്ചെന്ന് പ്രതീഷ് ചാക്കോ
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍പും സുനി ചില പ്രമുഖരെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷം ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഇപ്പോഴും ഇയാളുടെ കൈവശമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തതില്‍ നിന്നും നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ വിവരങ്ങള്‍ ലഭിച്ചുവെന്നും സൂചനയുണ്ട്. 2011ല്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷനില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ഇതിനിടെ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളാനും സാധ്യതയുണ്ട്. പല താരങ്ങളും അവരുടെ കൊള്ളരുതായ്മകള്‍ക്ക് കുടപിടിക്കാന്‍ സുനിയെ ഉപയോഗിച്ചിരുന്നു. ഇതാണ് സുനിക്കും വളമായത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ നശിപ്പിച്ചു; പ്രതീഷ് ചാക്കോയുടെ മൊഴി
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ മൊഴി. പള്‍സര്‍ സുനി തനിക്ക് നല്‍കിയ മൊബൈല്‍, ജൂനിയറായ രാജു ജോസഫിന് കൈമാറിയിരുന്നു. അയാളാണ് ഫോണ്‍ നശിപ്പിച്ചതെന്ന് പ്രതീഷ് ചാക്കോ മൊഴി നല്‍കി.
രാജു ജോസഫ് മൊബൈല്‍ കത്തിക്കുകയായിരുന്നെന്നാണ് പ്രതീഷ് പറയുന്നത്. കേസിലെ സുപ്രധാന തെളിവ് നശിപ്പിച്ച പ്രതീഷ് ചാക്കോയ്‌ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നാണ് വിവരങ്ങള്‍.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഫോണും ഉള്‍പ്പടെയുള്ളവ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. പിന്നീട് നടത്തിയ റെയ്ഡില്‍ പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ നിന്ന് മെമ്മറി കാര്‍ഡ് കണ്ടെടുത്തിരുന്നു. എന്നാല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്ത ശേഷം, ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ തന്നെ ജാമ്യത്തില്‍ വിട്ടിരുന്നു. നടനാണ് സുനിയെയും പ്രതീഷ് ചാക്കോയെയും കൂട്ടിമുട്ടിച്ചത്.
ഇന്നലെ രാവിലെ 10.15 ഓടെ ആലുവ പോലീസ് ക്ലബിലേയ്ക്ക് ചോദ്യം ചെയ്യാനായി പ്രതീഷ് ചാക്കോയെ വിളിച്ചു വരുത്തിയതിനു ശേഷമാണ് തെളിവു നശിപ്പിക്കല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഇന്നലെ തീര്‍പ്പുണ്ടാക്കിയ കോടതി പ്രതീഷ് ചാക്കോയോട് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha