ഫേസ്ബുക്ക് കാമുകനൊപ്പം ഇറങ്ങിപ്പോയ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ
ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫേസ് ബുക്ക് വഴി പരിചയപ്പെട്ടയാളോടൊപ്പം താമസിച്ചുവന്ന സ്ത്രീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര പടിഞ്ഞാറ്റിൻകര അനില ഭവനിൽ അനിലയാണ് കുണ്ടറ പേരയം ഷീമാ കോട്ടേജിൽ ജൂബിന്റെ (42) വീട്ടിനുള്ളിൽ ഇന്നലെ ഉച്ചയോടെ മരിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് അലർച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ കതക് ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായിരുന്നു.
വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വർഷം മുമ്പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വർഷം മുമ്പ് അനില ജൂബിന്റെ വീട്ടിൽ എത്തുകയും ഇവർ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരിൽ ശാസ്താംകോട്ട പൊലീസിലും കുടുംബ കോടതിയിലും കേസ് നിലനിൽക്കുന്നുണ്ട്.
കാലിന് സ്വാധീനക്കുറവുള്ള ജൂബിൻ പെയിന്റിംഗ് തൊഴിലാളിയാണ്. അനില രണ്ടുമാസം ഗർഭിണിയായിരുന്നെന്നും പറയുന്നു. കൊല്ലം തഹസിൽദാർ, റൂറൽ എസ്.പി കൃഷ്ണകുമാർ, പൊലീസ് കുണ്ടറ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ, എസ്.ഐ നൗഫൽ, സയന്റിഫിക് വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി.
https://www.facebook.com/Malayalivartha