നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യം തുലാസില്‍; കാര്യം തീരുമാനിക്കേണ്ടത് തങ്ങളെന്ന് മാനേജുമെന്റുകളുടെ അടക്കം പറച്ചില്‍
നഴ്‌സുമാരുടെ ശമ്പളം പ്രതിമാസം 20,000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്വകാര്യാശുപത്രികള്‍ സാധാരണക്കാരെ പിഴിയുമെന്ന് ഉറപ്പായി. ദിവസങ്ങളോളം സമരം ചെയ്ത് നഴ്‌സുമാര്‍ നേടിയ വിജയം ഫലപ്രാപ്തിയിലെത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സമാന അവസ്ഥയിലാണ് സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്ന ഇവരുടെ ശമ്പളം ഇന്നും 5000 രൂപക്ക് താഴെ മാത്രമാണ്. നിരവധി കമ്മീഷനുകള്‍ ഇക്കാര്യം പഠിക്കുകയും ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചടുലമായ ചില നീക്കങ്ങള്‍ നടത്തി.ഏഷ്യാനെറ്റ് പരമ്പര ചെയ്തു. ഒന്നിനും ഫലമുണ്ടായില്ല.
അധ്യാപകരുടെ ശമ്പളം ബാങ്ക് വഴി നല്‍കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം അനുസരിക്കുന്നുണ്ട്. അധ്യാപകരുടെ പേരില്‍ മിനിമം തുക ബാങ്കിലേക്ക് മാറ്റിയ ശേഷം ബാക്കി തിരികെ വാങ്ങും. ചോദ്യം ചെയ്താല്‍ ജോലി പോകും.
നഴ്‌സുമാര്‍ക്കും ഇതേ അവസ്ഥ വരാന്‍ തന്നെയാണ് സാധ്യത. മിനിമം വേതനം നല്‍കണമെന്നു മാത്രമാണ് കോടതികളും സര്‍ക്കാരും പറയുന്നത്. അത് തെളിയിക്കുന്നതിന് തുക ബാങ്കിലിടണം. എന്നാല്‍ ബാങ്കിലിട്ട തുകയില്‍ നിന്നും ഒരു നിശ്ചിത തുക ആശുപത്രി മാനേജ്‌മെന്റ് തിരികെ വാങ്ങിയാല്‍ എന്തു ചെയ്യും. കാരണം രേഖാമൂലമാണ് ആശുപത്രി പണം നല്‍കുന്നത്. ചോദ്യം ചെയ്താല്‍ മറ്റേതെങ്കിലും കേസില്‍ കുരുക്കി പുറത്താക്കും. സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിനു ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും. പക്ഷേ ചെയ്യില്ല.
സര്‍ക്കാര്‍ നല്‍കിയ മോഹങ്ങളില്‍ ആകൃഷ്ടരാണ് നഴ്‌സുമാര്‍. അവരുടെ മോഹങ്ങള്‍ സാക്ഷാത്കരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് പോംവഴി. കാരണം ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റുകളാണ് സര്‍ക്കാരല്ല.
ഇനി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചാലോ? അതും നല്‍കേണ്ട ബാധ്യത പാവപ്പെട്ട രോഗികള്‍ക്കായിരിക്കും. ഇപ്പോള്‍ തന്നെ സ്വകാര്യശുപത്രികളെ സമീപിക്കാന്‍ സാധാരണക്കാര്‍ക്ക് ഭയമാണ്. ആവശ്യത്തിനും അനാവശ്യത്തിനും വലിയ തുകക്ക് ലാബ് പരിശോധനകള്‍ നടത്താന്‍ സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ബന്ധിക്കാറുണ്ട്. വന്‍ കമ്മീഷനാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. നഴ്‌സുമാരുടെ ശമ്പളത്തിന്റെ പേരില്‍ സാധാരണക്കാരെ കൊള്ളയടിക്കുന്നത് തുടരുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha