പോലീസ് പിടികൂടും മുമ്പ് പൾസർ സുനിയെ ഇല്ലാതാക്കാന്‍ ശ്രമം നടന്നു; തുണയായത് കോയമ്പത്തൂരിലെ ഗുണ്ടാ സംഘങ്ങളുമായി സുഹൃത്ത് വിജീഷിനുള്ള അടുപ്പം
കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) അപായപ്പെടുത്താന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇക്കാര്യം സുനില്‍ തന്നെ തന്റെ സഹ തടവുകാരോടും കൂട്ടുപ്രതികളോടും വെളിപ്പെടുത്തിയതായാണ് വിവരം. ജയിലില്‍ വച്ചാണു സുനില്‍ ഇക്കാര്യം കൂട്ടുപ്രതികളോടു വെളിപ്പെടുത്തിയത്.
കോയമ്പത്തൂരിലെ ഗുണ്ടാ സംഘങ്ങളുമായി സുഹൃത്ത് വിജീഷിനുള്ള അടുപ്പമാണ് ഒളിവില്‍ കഴിയുമ്പോൾ സുനിലിനു തുണയായത്. തമിഴ്നാട്ടിലെ ഗുണ്ടാസംഘത്തിന് ലഭിച്ച ക്വട്ടേഷന്‍ വിജീഷിനു ചോര്‍ന്നു കിട്ടിയതോടെ കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങാന്‍ ഇരുവരും തീരുമാനിച്ചു. പൊലീസ് പിടികൂടും മുമ്പ് സുനിലിനെ ഇല്ലാതാക്കാനുള്ള നീക്കം നടന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഇതിന് പിന്നില്‍ ആരെന്ന ചോദ്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് ഉപദ്രവിക്കാന്‍ ശ്രമിച്ചത് ക്വട്ടേഷന്‍ നല്‍കിയവര്‍ തന്നെയാണോ എന്നതിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. നേരത്തെ പൊലീസിന് നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ചാണു സുനില്‍ അഭിഭാഷകനായ പ്രതീഷ്ചാക്കോയെ ബന്ധപ്പെട്ടത്. ഫെബ്രുവരി 17നു രാത്രി കുറ്റകൃത്യം നിര്‍വഹിച്ച ശേഷം പൊന്നുരുന്നിയിലെ ഒരു വീട്ടിന്റെ മതില്‍ സുനില്‍ ചാടിക്കടക്കുന്നതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മതില്‍ ചാടി കടന്ന വീടിന്റെ സമീപത്തു താമസിക്കുന്ന കുടുംബവുമായി നടന്‍ ദിലീപിന്റെ കുടുംബാംഗത്തിന് അടുപ്പമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഒളിവില്‍ പോയ സുനില്‍ 23നു വൈകിട്ടാണ് എറണാകുളത്തെ അഡീ. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങാനെത്തിയത്. അതിന് മുമ്പ് ആലപ്പുഴയില്‍ സുനിലും വിജീഷും എത്തിയിരുന്നു. എന്നാല്‍ സുനിലിനെ വകവരുത്താന്‍ തമിഴ്നാട്ടിലെ ഗുണ്ടാസംഘം പിന്‍തുടരുന്നതായി വിവരം ലഭിച്ചതോടെ ഉടന്‍ കീഴടങ്ങുകയായിരുന്നു.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവ ജയിലില്‍ കിടക്കുന്ന വി ഐ പി പറയട്ടെ എന്ന് സുനില്‍കുമാര്‍ കോടതിവളപ്പില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. വമ്ബന്‍ സ്രാവുകള്‍ ഉണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ഇങ്ങനെ സുനികുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലേക്കാ നയിച്ചത് സ്വന്തം ജീവന് ഭീഷണി ഉയര്‍ന്നതാണെന്നും പൊലീസ് സൂചന നല്കുന്നുണ്ട്.
https://www.facebook.com/Malayalivartha