പത്തനംതിട്ട കടമനിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു
പത്തനംതിട്ട കടമനിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വച്ച് ഇന്നു രാവിലെയോടെയാണു മരണം. 80 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണു വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്.
അമ്മ അടുത്തുള്ള വീടുകളില്‍ വീട്ടുജോലിക്ക് പോയിരുന്നു. മൂന്നു മക്കളില്‍ ഏറ്റവും ഇളയവളാണ് പൊള്ളലേറ്റ പെണ്‍കുട്ടി. പത്താം ക്ലാസില്‍ തോറ്റ ശേഷം തുടര്‍ന്നു പഠിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് വീട്ടിലിരിക്കുകയായിരുന്നു. കടയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലിക്കു പോകാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ രണ്ടു മാസം മുന്‍പാണ് മകനോടൊപ്പം അകന്ന ബന്ധുവായ സജില്‍ വീട്ടില്‍ വരാന്‍ തുടങ്ങിയത്. കാടുവെട്ടല്‍ തൊഴിലാളിയായിരുന്ന സജിലും മകളും തമ്മില്‍ ഇതിനിടെ പ്രണയത്തിലായി. ഈ ബന്ധത്തോട് പെണ്‍കുട്ടിയുടെ സഹോദരന് എതിര്‍പ്പായിരുന്നു. മകളെ വിവാഹം കഴിച്ച് നല്‍കണമെന്ന് സജില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മതിച്ചില്ല.
തുടര്‍ന്നും മകളും സജിലും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കടയില്‍ പോയി അരി വാങ്ങിയ ശേഷം ആറു മണിയോടെയാണ് മകള്‍ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടന്‍ അരിസഞ്ചി വീട്ടില്‍ വച്ച ശേഷം പെട്ടെന്നു വീടിനു പുറത്തേക്ക് പോയി. ഏതാനും മിനിറ്റ് കഴിഞ്ഞ് തൊട്ടടുത്തുള്ള ഇവരുടെ കുടുംബ വീടിന് സമീപത്തു നിന്നു തീ ഉയരുന്നതു കണ്ടു. പിന്നാലെ അലറിക്കരച്ചിലും കേട്ടു. പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി, അമ്മ എന്നിവര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഓടി എത്തിയപ്പോഴേക്ക് മകള്‍ പൊള്ളലേറ്റ് പിടയുന്നതാണ് കണ്ടത്. സജില്‍ ഓടി രക്ഷപ്പെടുന്നത് കണ്ടുവെന്നും പറയുന്നു. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha