എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു; കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വിജയന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ ചികില്‍സയിലായിരുന്നു. ഇന്നു വൈകിട്ട് നാലു മണിക്ക് കോട്ടയം പൊലീസ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ വിജയന്‍ പ്രഗത്ഭനായ പ്രാസംഗികനായിരുന്നു. നര്‍മത്തിലൂടെ ജനത്തെ പിടിച്ചിരുത്താനുള്ള കഴിവ് അദ്ദേഹത്തെ പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട നേതാവാക്കി മാറ്റി. എന്‍സിപിക്ക് കേരളത്തില്‍ കരുത്താര്‍ന്ന നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയന്‍.
കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. കുറിച്ചിത്താനം കെ.ആര്‍. നാരായണന്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ഹൈസ്‌ക്കൂള്‍ പഠനം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിക്കെതിരെ 2001 ല്‍ പാലാ മണ്ഡലത്തില്‍നിന്നു മല്‍സരിച്ചതാണ് നേരിട്ട ഏക നിയമസഭാ തിരഞ്ഞെടുപ്പ്. അത്തവണ പരാജയപ്പെട്ടു.
കോണ്‍ഗ്രസിന്റെ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എസിലേക്കു മാറിയ വിജയന്‍ മികച്ച സംഘാടകനായി ശ്രദ്ധ നേടി. കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസി!ഡന്റ്, ദേശീയ സമിതി അംഗം, എന്‍സിപിയുടെ തൊഴിലാളി വിഭാഗമായ ഐഎന്‍എല്‍സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ പദവികളടക്കം നിരവധി ട്രേഡ് യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കി. സിനിമ സീരിയല്‍ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വള്ളിച്ചിറ നെടിയാമറ്റത്തില്‍ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന, വര്‍ഷ എന്നിവര്‍ മക്കള്‍. രമണി സഹോദരിയാണ്.
https://www.facebook.com/Malayalivartha