നര്‍മ പ്രസംഗങ്ങളിലൂടെ എല്ലാവരേയും കൈയ്യിലെടുത്ത ഉഴവൂര്‍ വിജയന്
പൊതുവേ പ്രസംഗ വേദികളില്‍ ഗൗരവമായി ഇരിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ആ മുഖ്യമന്ത്രിയെ പുലിമുരുകനായി ഒരാള്‍ ചിത്രീകരിച്ചാലോ. മുഖ്യമന്ത്രി അറിയാതെ ചിരിച്ചുപോയി. ഇതിനുള്ള ധൈര്യം ഉഴവൂര്‍ വിജയന് മാത്രമേയുള്ളൂ. തന്റെ നര്‍മസംഭാഷണം കൊണ്ട് ആരെയും പിടിച്ചിരുത്താന്‍ കഴിവുള്ള വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയന്‍ എന്ന് തെളിയിക്കാന്‍ ഇതിലപ്പുറം മറ്റൊരു തെളിവ് വേണ്ട. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ സ്ഥാനാര്‍ഥിയേക്കാലും തിരക്ക് വിജയനായിരുന്നു. ഉഴവൂര്‍ വിജയനെ പ്രസംഗത്തിനായി കിട്ടാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിച്ചു. അവരെയൊന്നും നിരാശനാക്കാതെ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വിജയന്‍ ഓടിയെത്തി.
നര്‍മം കലര്‍ത്തി സംസാരിക്കുന്നതിനാല്‍ വിജയന്റെ പ്രസംഗത്തിന് ആരാധകരേറെയായിരുന്നു. കൃത്യമായ തയ്യാറെടുപ്പോടെയാണ് പ്രസംഗം. രാവിലെ പത്രങ്ങള്‍ വായിച്ചും ടിവി കണ്ടും അല്‍പം നേരം ഇരിക്കും. പ്രസംഗത്തിന്റെ 'വിഭവങ്ങള്‍' തയ്യാറാക്കുന്നത് ഈ സമയത്താണ്. ആലോചിച്ച് ആലോചിച്ച് കണ്ടെത്തുന്നതു കുറിക്കുകൊള്ളുന്ന വാക്കുകളായിരിക്കും.
നേതാക്കന്മാരെത്തുന്നതിനു മുന്‍പേ പ്രസംഗം തുടങ്ങും. പിന്നാലെ പ്രവര്‍ത്തകരുടെ ഒഴുക്കായിരിക്കും. എതിരാളികള്‍ക്കെതിരെ ചെറിയ കൊട്ടുകള്‍ നല്‍കി തുടങ്ങുന്ന പ്രസംഗം കത്തിക്കയറുമ്പോഴേക്കും സദസില്‍ പൊട്ടിച്ചിരി നിറയും. രാഷ്ട്രീയ ശത്രുക്കളെ ഒട്ടും മധുരമില്ലാതെ ആക്രമിക്കുമ്പോഴും 'മധുരത്തിന്റെ' തടവറയിലായിരുന്നു വിജയന്‍. കടുത്ത പ്രമേഹരോഗിയായ അദ്ദേഹം ദിവസവും ഇന്‍സുലിന്‍ കുത്തിവച്ചാണ് രാഷ്ട്രീയ പര്യടനം നടത്തിയിരുന്നത്. ആഹാരത്തിലും കടുത്ത നിയന്ത്രണമായിരുന്നു. അരിയാഹാരം വളരെക്കുറച്ചേ കഴിക്കൂ. പണ്ടു മുതലേ ശുദ്ധ വെജിറ്റേറിയന്‍.
എന്‍സിപി സംഘടിപ്പിച്ച 'ഉണര്‍ത്തുയാത്രയില്‍' കേരളത്തില്‍ അങ്ങോളമിങ്ങോളം തമാശ കലര്‍ന്ന പ്രസംഗത്തിലൂടെ യു!ഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു മുന്നേറിയ ഉഴവൂര്‍ വിജയന്റെ ഒരു പല്ല് പ്രസംഗത്തിനിടെ തെറിച്ചു പോയത് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കി. എന്‍സിപിയുടെ ഉണര്‍ത്തുയാത്രയുടെ കാസര്‍കോട്ടെ പരിപാടിക്കിടെയാണു സംഭവം. 'ഇതുകൊണ്ടൊന്നും ചന്തുവിനെ തോല്‍പ്പിക്കാനാവില്ലെന്നാണ്' ഉഴവൂര്‍ വിജയന്‍ അന്ന് നര്‍മരൂപത്തില്‍ നല്‍കിയ മറുപടി.
'ഫോട്ടോ എടുക്കുന്ന ആവശ്യത്തിനു വേണ്ടി ഒരു വെപ്പു പല്ല് സ്ഥാപിച്ചിരുന്നു. ഷുഗര്‍ താഴാതിരിക്കാന്‍ വായില്‍ ഒരു ച്യൂയിംഗവും ഇട്ടിരുന്നു. നിങ്ങള്‍ക്ക് അധികാരത്തില്‍ തുടരാനാവില്ല. ഇറങ്ങിപ്പോയില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ നോക്കി പറയും, രാവണപ്രഭുവില്‍ മോഹന്‍ലാല്‍ പറഞ്ഞതു പോലെ, വഴിമാറടാ മുണ്ടയ്ക്കല്‍ ശേഖരാ...! ഇങ്ങനെ ശബ്ദം കനത്തതോടെ ച്യൂയിംഗം കൂട്ടി പല്ലു താഴേക്കു തെറിച്ചു. അല്ലെങ്കില്‍ തന്നെ സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ചും നഖശിഖാന്തം എതിര്‍ത്തും സംസാരിക്കുമ്പോള്‍ പല്ലു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.' സംഭവത്തെക്കുറിച്ച് ഉഴവൂര്‍ വിജയന്‍ അന്ന് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നു വാശിപിടിക്കരുതെന്നായിരുന്നു വിജയന്റെ നിലപാട്. 'എല്ലാവരും അസംബ്ലിയിലേക്ക് പോയാല്‍ പുറത്തും ആളുവേണ്ടേ' അദ്ദേഹം ചിരിയോടെ ചോദിച്ചു. എന്നാല്‍, ഒരു തവണ മത്സരിക്കേണ്ടിവന്നു. 2001ല്‍ കെഎം മാണിക്കെതിരെ പാലായില്‍. അന്നത്തെ മത്സരത്തെക്കുറിച്ച് വിജയന്‍ ഒരിക്കല്‍ പറഞ്ഞു: 'വിജയസാധ്യത മുന്നില്‍ കണ്ടല്ല കെഎം മാണിക്കെതിരെ മത്സരിച്ചത്. എന്നെ സംബന്ധിച്ച് നല്ല അനുഭവമായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അന്ന് വിജയ സാധ്യതയെക്കുറിച്ചുചോദിച്ചപ്പോള്‍ സാധാരണ ഒരു സ്ഥാനാര്‍ഥിയും പറയാത്ത കാര്യം ഞാന്‍ പറഞ്ഞു, തോറ്റുപോകും. മറ്റൊരാള്‍ ചോദിച്ചു എന്തായിരുന്നു അനുഭവമെന്ന്. ഞാന്‍ പറഞ്ഞു ബെന്‍സ് ഇടിച്ചാണല്ലോ മരിച്ചത് ഓട്ടോറിക്ഷ ഇടിച്ചല്ലല്ലോ?
എന്നാല്‍, വ്യക്തിപരമായി ആക്ഷേപിക്കാതെ രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിച്ചു. വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ പൂവുകൊണ്ടുള്ള ആക്രമണം. കെ.എം. മാണിയായിരുന്നു പലപ്പോഴും 'ഇര'.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ എം.സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി നടക്കുന്നു. ഉദ്ഘാടനം ചെയ്യുന്നത് വിഎസ്. നേതാവെത്തുന്നതുവരെ ജനത്തെ പിടിച്ചിരുത്തേണ്ട ചുമതല ഉഴവൂര്‍ വിജയന്. വിജയന്‍ കത്തികയറി'മാണി സാറിനെ നരകത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലായിരിക്കും. അതേ ഞാന്‍ സ്വര്‍ഗത്തിലായിരിക്കും. സ്വരാജും സ്വര്‍ഗത്തിലായിരിക്കും. സ്വ.. സ്വരാജ് സ്വര്‍ഗം..എനിക്ക് ഒരു സ്യൂട്ട് റൂം തന്നെ അവിടെ കാണും. കാരണം ഞാനാണല്ലോ ഇവരെക്കുറിച്ച് ഏറ്റവും പറയുന്നത്. ഇവരൊന്നും പെട്ടെന്നൊന്നും ഇവിടെനിന്ന് പോകാന്‍ പാടില്ല. ഇപ്പോള്‍ യുഡിഎഫ് ഐസിയുവിലായിരിക്കുന്നു. ബാര്‍ കേസിന്റെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ വെന്റിലേറ്റര്‍ വച്ചു. ഇനി അച്ചന്‍ വന്ന് ഒരു അന്ത്യകൂദാശ കൊടുക്കുക. പിന്നെ പള്ളിമേടയിലേക്ക് എടുക്കുക. അപ്പോഴാണ് തൃപ്പൂണിത്തറക്കാരും കേരളത്തിലെ എല്ലാവരും പറയുന്നത് 'അടി കപ്യാരെ കൂട്ടമണി'. സിനിമാപേരുകള്‍ ആ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ സമര്‍ഥമായി ഉപയോഗിക്കപ്പെട്ടു.
യുഡിഎഫിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ചു പോകുന്നതിനിടെ സുരേഷ് ഗോപിക്കു കൊടുത്ത കൊട്ട് ഇങ്ങനെയായിരുന്നു. ദിസ് ഈസ് കേരള, ജസ്റ്റ് റിമംബര്‍ ദാറ്റ്..!
https://www.facebook.com/Malayalivartha