യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം; ഒടുവില്‍ യുവാവിനോട് ചെയ്തത്...
കൊഴുക്കുള്ളി തോക്കാട്ടുകര സ്വദേശി ചക്കാലയ്ക്കല്‍ റപ്പായിയുടെ മകന്‍ ബിനോയിയെ (38) തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ ചെമ്പങ്കണ്ടം അറയ്ക്കല്‍ വീട്ടില്‍ സോജന്‍ (34), അരണാട്ടുകര കുന്നംകുമരത്ത് വീട്ടില്‍ ടിജോയ് (28), നെടുപുഴ ഫാഷന്‍ കോളനി വാണിയന്‍ വീട്ടില്‍ ശ്രീകുട്ടന്‍ (25), നെടുപുഴ ഫാഷന്‍ കോളനി പടിയാടത്ത് വീട്ടില്‍ ശരത്ത് (22) എന്നിവരാണ് അറസ്റ്റിലയത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. അരണാട്ടുകരയിലെ ബന്ധുവിന്റെ വീട്ടിലേക്കു ബൈക്കില്‍ പോകുന്നതിനിടെ പൂത്തോള്‍ എക്‌സൈസ് അക്കാദമിക്കു സമീപത്തുവച്ചു മേയ് 21നു രാത്രി യായിരുന്നു സംഭവം.
ബൈക്കു തടഞ്ഞു കഴുത്തില്‍ കത്തിവച്ചു തട്ടിക്കൊണ്ടു പോകുകയായിരുന്നു. പുത്തൂര്‍ ചെമ്പംകണ്ടത്തെ വനപ്രദേശത്തെത്തിച്ചു ബിനോയിയെ ക്രൂരമായി മര്‍ദിക്കുകയും സിഗരറ്റ് ഉപയോഗിച്ചു പൊള്ളലേല്‍പ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ബിനോയിയുടെ മാല, പഴ്‌സിലെ പണം, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് എന്നിവ തട്ടിയെടുത്ത ഗുണ്ടാസംഘം രണ്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും വിഡിയോയും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. പണം നല്‍കാമെന്നു സമ്മതിച്ചതോടെ പ്രതികള്‍ ബിനോയിയെ ബന്ധുവിന്റെ വീട്ടിലെത്തിച്ചു 30,000 രൂപ വാങ്ങി. പിന്നീടു പലപ്പോഴായി തൊണ്ണുറ്റിയെട്ടായിരം രൂപയും തട്ടിയെടുത്തു.
എടിഎം ഉപയോഗിച്ച് അതിലെ പണവും പിന്‍വലിച്ചു. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെയാണു വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. ഇതറിഞ്ഞു കര്‍ണാടകയില്‍ ഒളിവില്‍പോയ പ്രതികള്‍ മാന്ദാമംഗലത്തെ രഹസ്യ സങ്കേതത്തില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞു പൊലീസ് നടത്തിയ നീക്കത്തിലാണു പ്രതികള്‍ വലയിലായത്.
കേസിലെ പ്രതിയായ ടിജോയെ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ കടവി രഞ്ജിത്തിനും സംഘത്തിനും പണം നല്‍കിയത് ബിനോയ് ആണെന്നു തെറ്റിദ്ധരിച്ചാണു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്നു പൊലീസ് പറഞ്ഞു. വെസ്റ്റ് സിഐ വി.കെ.രാജു, എഎസ്‌ഐമാരായ ബിന്നന്‍, സുരേഷ്, സീനിയര്‍ സിപിഒ അനില്‍കുമാര്‍, സിപിഒ മനോജ് കൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണു പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha