ഹരിത ട്രിബ്യൂണല്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച അഞ്ചു പേര്‍ അറസ്റ്റില്‍
ഹരിത ട്രിബ്യൂണല്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച അഞ്ചു പേര്‍ അറസ്റ്റില്‍. മുവാറ്റുപുഴ മണീട് ചൂരകായത്ത് റെജി(47), പാലക്കാട് മണ്ണുത്തി കാളപ്പറമ്ബില്‍ സൗദാബി(53), ഉഴവൂര്‍ ചേറോടി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുളവന്തുരുത്തി പാണ്ടന്‍കുടിയില്‍ സാവിത്രി മാധവന്‍(46), സഹോദരന്‍ ശശികുമാര്‍(51), കാഞ്ഞിരപ്പിള്ളി പാലവിള ഗോപാലകൃഷ്ണന്‍(50) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈക്കം തെക്കേ നടയിലുള്ള കാറ്ററിംഗ് സ്ഥാപനത്തില്‍ ഹരിത ട്രിബ്യൂണല്‍ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പരിശോധനക്ക് എത്തിയ ഇവര്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും പിഴ അടക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥാപനത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. സ്ഥാപനത്തില്‍ ആ സമയത്ത് ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തുടര്‍ന്ന് സ്ഥാപന ഉടമയെ ഫോണില്‍ ബന്ധപ്പെട്ട് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്ഥാപനം പൂട്ടേണ്ടി വരുമെന്നും കുറച്ച് പണം തന്നാല്‍ സംഭവം ഒതുക്കാമെന്നും സംഘം പറഞ്ഞു. മറ്റ് ഒന്ന് രണ്ടിടത്തു കൂടി പരിശോധന നടത്താനുണ്ടെന്നും വൈകുന്നേരത്തിനു മുമ്ബ് വിവരം അറിയിക്കണമെന്നും പറഞ്ഞ് ഇവര്‍ പോയി.
സംശയം തോന്നിയ ഉടമ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം ഉടമ പണം തരാന്‍ തയ്യാറാണെന്നറിയിച്ച് ഇവരെ വിളിച്ചു. വൈകീട്ട് വലിയ കവലയില്‍ എത്തിയ ഇവരെ സ്ഥാപന ഉടമയോടൊപ്പം എത്തിയ പോലീസ് പിടികൂടുകയായിരുന്നു.
മറ്റ് രണ്ട് കടകളില്‍ കൂടി ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മുളന്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ സാവിത്രിയുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
തട്ടിപ്പ് നടത്തി കിട്ടുന്ന പണം സാവിത്രി എടുക്കും. കൂടെയുള്ളവര്‍ക്ക് 600 രൂപ വീതം ദിവസക്കൂലി നല്‍കും. പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വൈക്കം സി.ഐ വി.കെ ജയപ്രകാശ്, എസ്.ഐ എം. സാഹില്‍, കവിരാജ്, റെജി, ഷാജി, എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha