ലഹരി മരുന്നു വേട്ടയ്‌ക്കൊരുങ്ങി ഋഷിരാജ് സിങ് വീണ്ടും ; ഫോണിലേക്ക് പരാതികളുടെ പ്രവാഹം
മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികൾ പരിഹരിക്കാൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ആരംഭിച്ച പരാതിപരിഹാര നമ്പരിലേക്ക് പരാതി പ്രവാഹം. ഫോൺ സന്ദേശങ്ങളായി മാത്രം ഇതുവരെ 12,951 പരാതികളാണ് ലഭിച്ചത്. വാട്സാപ്, എസ്എംഎസ്, ഇ–മെയിൽ വഴി ലഭിച്ച പരാതികൾക്കു പുറമേയാണിത്. കഴിഞ്ഞ ജൂണിലാണ് പരാതികൾ അറിയിക്കാൻ 9447178000 എന്ന നമ്പർ എക്സൈസ് കമ്മിഷണർ ആരംഭിച്ചത്.
കൊല്ലം ജില്ലയിൽനിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നത്. പിന്നിൽ വയനാടാണ്. ലഭിക്കുന്ന പരാതികൾ അതത് ജില്ലകളിലെ എക്സൈസ് ഓഫിസർമാർക്കാണ് കൈമാറുന്നത്. പരാതികൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പരാതികൾക്കു വേഗത്തിൽ പരിഹാരമാകുന്നതിനാൽ ഓരോ ദിവസവും പരാതികളുടെ എണ്ണം വർധിക്കുകയാണ്.
പൊതുസ്ഥലത്തെ മദ്യപാനം, മദ്യക്കച്ചവടം, കഞ്ചാവ്– പാൻമസാല ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവയെക്കുറിച്ചെല്ലാം പരാതി ലഭിക്കുന്നുണ്ട്. ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകളെക്കുറിച്ചും പരാതിയുണ്ട്.
https://www.facebook.com/Malayalivartha