പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ആറുവര്‍ഷം മുമ്പ് നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന സുനിയെ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായാണ് അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ (സാമ്പത്തികം) ഹാജരാക്കുന്നത്.
മറ്റ് പ്രതികളെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. സുനിയെയും മറ്റുപ്രതികളെയും ഇനി കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നില്ലെന്നും തെളിവെടുപ്പ് പൂര്‍ത്തിയായതായും എറണാകുളം സെന്‍ട്രല്‍ സി.ഐ എ. അനന്തലാല്‍ പറഞ്ഞു. 2011ല്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ നടിയെ ടെമ്പോ ട്രാവലറില്‍ സുനിയുടെ നിര്‍ദേശപ്രകാരം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വഴി മാറിപ്പോകുന്നതില്‍ സംശയം തോന്നിയ നടി ഭര്‍ത്താവിനെയും സിനിമയുടെ നിര്‍മാതാവിനെയും ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന്, കുമ്പളത്തെ ഹോട്ടലില്‍ എത്തിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. നിര്‍മാതാവായ ജോണി സാഗരികയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha