രാജ്യസഭാ തെരഞ്ഞെടുപ്പ്; യെച്ചൂരി മത്സരിക്കണം-വി.എസ്,മത്സരിക്കണ്ട-പിണറായി;എല്‍.ഡി.എഫില്‍ ഭിന്നത തുടരുന്നു
രാജ്യസഭയിലേക്ക് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും മത്സരിക്കുന്നതിനെ തുറന്നെതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. യെച്ചൂരി വീണ്ടും മത്സരിക്കരുതെന്ന് പിണറായി അഭിപ്രായപ്പെട്ടു. യെച്ചൂരി മത്സരിച്ചാല്‍ അത് പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാകുമെന്നും പിണറായി പറഞ്ഞു. യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സി.പി.ഐ.എം കേന്ദ്രകമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.
യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം കേന്ദ്രകമ്മറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വി.എസിന്റെ നിലപാട് തള്ളിക്കൊണ്ടുള്ള ഒരു നിലപാട് പിണറായി കൈക്കൊണ്ടിരിക്കുന്നത്.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി നയങ്ങള്‍ ലംഘിച്ച് യെച്ചൂരി വീണ്ടും മത്സരിക്കരുത്. രണ്ട് തവണയില്‍ കൂടുതല്‍ പാര്‍ലമെന്റ് അംഗമാകുന്നതിന് പാര്‍ട്ടി നയം അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്നതും പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വളരെയധികം ഉത്തരവാദിത്വമുണ്ട്. രാജ്യം മുഴുവന്‍ യാത്രകള്‍ ചെയ്യേണ്ടി വരും. അതിനാല്‍ പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള ഉത്തരവാദിത്വം പൂര്‍ണമായി നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയില്ല. അഭിമുഖത്തില്‍ പിണറായി വ്യക്തമാക്കുന്നു. തന്റെ മുന്‍കാല അനുഭവം വിശദീകരിച്ചാണ് ഇക്കാര്യം പിണറായി വ്യക്തമാക്കുന്നത്. 1998-ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനവും മന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കേണ്ടി വന്നതാണ് പിണറായി ചൂണ്ടിക്കാട്ടിയത്. രണ്ട് പദവികള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് സാധിച്ചിരുന്നില്ല. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ തനിക്ക് നീതിപുലര്‍ത്താന്‍ സാധിച്ചില്ല. സഭയില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നതില്‍ മാത്രം ഒതുങ്ങി എന്റെ റോള്‍.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സീതാറാം യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സി.പി.ഐ.എം പൊളിറ്റ് ബ്യുറോ നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യുറോ യോഗം മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതേസമയം, കേന്ദ്ര കമ്മിറ്റിയിലും തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. കേന്ദ്രക്കമ്മറ്റിയില്‍ വോട്ടടെപ്പിനായി വാദിക്കാനാണ് ഇവരുടെ തീരുമാനം. കേന്ദ്രകമ്മറ്റിയില്‍ യെച്ചൂരിക്കുള്ള പിന്തുണ അനുകൂലമാക്കാനാണ് ബംഗാള്‍ ഘടത്തിന്റെ തീരുമാനം.
പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാകുന്നത്. വിജയത്തിന് കോണ്‍ഗ്രസ് പിന്തുണ തേടേണ്ടി വരുന്നതാണ് യെച്ചൂരി മത്സരിക്കേണ്ടെന്ന നിലപാടിലേക്ക് പിബിയെ എത്തിച്ചത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കേന്ദ്രകമ്മറ്റിയാണ് പരമോന്നത സമതിയെങ്കിലും യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ രണ്ട് തടസങ്ങളാണ് കേന്ദ്രകമ്മറ്റിക്ക് മുന്നിലുള്ളത്. കോണ്‍ഗ്രസുമായി സഖ്യം പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനവും രണ്ട് തവണയില്‍ കൂടുതല്‍ പാര്‍ലമെന്ററി പദവി പാടില്ലെന്ന കീഴ്‌വഴക്കവും. ഈ കീഴ് വഴക്കം ലംഘിക്കാന്‍ ജനറല്‍ സെക്രട്ടറി കൂടിയായ താന്‍ ഒരുക്കമല്ലെന്ന ഉറച്ച നിലപാടിലാണ് യെച്ചൂരി.
https://www.facebook.com/Malayalivartha