ഇവരെ അനാഥരാക്കിയത് തുരുമ്പിച്ച നാല് ബോള്‍ട്ടുകള്‍; അര്‍ബുദം അമ്മയുടെയും അഴിമതിയുടെ ശേഷിപ്പുകള്‍ അച്ഛന്റെയും ജീവനെടുത്തപ്പോള്‍...
തുരുമ്പെടുത്ത നാല് ബോള്‍ട്ടുകളാണ് അന്‍ജലയെയും അക്ഷയയെയും അനാഥരാക്കിയത്. അഴിമതിയുടെ കൂടാരം പോലെ കെട്ടിപ്പൊക്കിയ ടൈറ്റാനിയം പ്ലാന്റിലെ കൂറ്റന്‍ സംഭരണി ഇരുപത് ടണ്‍ കുമ്മായവുമായി തകര്‍ന്നുവീണത് ഈ പെണ്‍കുട്ടികളുടെ ജീവിതത്തിലേക്കാണ്. അര്‍ബുദം അമ്മയുടെയും അഴിമതിയുടെ ശേഷിപ്പുകള്‍ അച്ഛന്റെയും ജീവനെടുത്തപ്പോള്‍ അവരുടെ തുണയറ്റു. അനുശോചനവും സഹതാപവുമായി വന്നവരെല്ലാം പോയി. ഇപ്പോള്‍ ഒഴിഞ്ഞ വീട്ടില്‍ അന്‍ജലയും അക്ഷയയും തനിച്ചാണ്.
ആര്‍.സി.സിയിലെ ഒന്നരവര്‍ഷത്തെ ചികിത്സയ്‌ക്കൊടുവില്‍ അമ്മ മഹിജ മൂന്നുവര്‍ഷം മുന്‍പ് പോയെങ്കിലും അച്ഛന്‍ ഹരീന്ദ്രനായിരുന്നു അവരുടെ ജീവന്‍. പഠിക്കാന്‍ സമര്‍ത്ഥരായ മക്കളെ ഉറക്കമൊഴിഞ്ഞിരുന്നാണ് ഇദ്ദേഹം പഠിപ്പിച്ചിരുന്നത്. അന്‍ജല പട്ടം സെന്റ്‌മേരീസില്‍ പ്ലസ്‌വണ്ണിനും അക്ഷയ വലിയവിള ശ്രീവിദ്യാധിരാജയില്‍ എട്ടാംക്ലാസിലുമായി. പതിവുപോലെ കഴിഞ്ഞ വെള്ളിയാഴ്ചയും സ്‌കൂളിലേക്ക് മക്കളെ ഒരുക്കിവിട്ട് ജോലിക്കുപോയ ഹരീന്ദ്രനുമേലേക്ക് ടൈറ്റാനിയത്തിലെ സംഭരണി വീണു.
റെയില്‍വേ പാളം ഘടിപ്പിക്കുന്നതു പോലെ പിടിപ്പിക്കേണ്ടിടത്ത്, അരഇഞ്ചിന്റെ നട്ടിലും ബോള്‍ട്ടിലും ഉറപ്പിച്ചിരുന്ന സംഭരണി ഒരുവശത്തെ നാല് ബോള്‍ട്ടുകള്‍ ഒടിഞ്ഞ് ഹരീന്ദ്രന്റെ ദേഹത്തേക്ക് തകര്‍ന്നുവീഴുകയായിരുന്നു. പേരക്കുട്ടികള്‍ക്ക് തുണയായി തിരുവനന്തപുരം തിരുമലയിലെ വീട്ടിലുണ്ടായിരുന്ന ഹരീന്ദ്രന്റെ 90 വയസുള്ള അമ്മ താല, മകനുണ്ടായ ദുരന്തമറിഞ്ഞ് തളര്‍ന്നുവീണശേഷം ഇതുവരെ എഴുന്നേറ്റിട്ടില്ല.
അനുശോചനക്കാരും ബന്ധുക്കളുമെല്ലാം പോയപ്പോള്‍ കണ്ണൂര്‍ ഇരിട്ടി പുന്നാട് മഠപ്പുരയ്ക്കല്‍ വീട്ടില്‍ താലയും പേരക്കുട്ടികളും തനിച്ചായി. കൂത്തുപറമ്പ് പാട്യം കൊട്ടിയോടിയിലെ അമ്മയുടെ തറവാട്ടിലാണ് അന്‍ജലയും അക്ഷയയും ഇപ്പോഴുള്ളത്. തിരുമല ഇലിപ്പോട് രണ്ടുസെന്റ് സ്ഥലംവാങ്ങി ചെറിയ വീടുവച്ചിരുന്നു ഹരീന്ദ്രന്‍. തിരുവനന്തപുരത്ത് തുടര്‍ന്നു പഠിക്കണമെന്നാണ് അന്‍ജലയും അക്ഷയയും ആഗ്രഹിക്കുന്നത്. പഠിക്കാന്‍ സമര്‍ത്ഥരായ കുട്ടികളെ സ്‌കൂള്‍മാറ്റുന്നത് ബന്ധുക്കള്‍ക്കും വിഷമം. അന്‍ജലയ്ക്കും അക്ഷയയ്ക്കും പഠനംതുടരാന്‍ സര്‍ക്കാരിന്റെ സംരക്ഷണമാണ് കുടുംബം തേടുന്നത്.
പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സംരക്ഷിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെ അന്‍ജലയും അക്ഷയയും വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കാണുന്നുണ്ട്. 1996 സെപ്തംബര്‍ 25ന് പ്രൊഡക്ഷന്‍ വിഭാഗത്തിലെ വര്‍ക്ക് അസിസ്റ്റന്റായാണ് ഹരീന്ദ്രനാഥ് ടൈറ്റാനിയത്തിലെത്തിയത്. അന്‍ജലയും അക്ഷയയും ജനിച്ചതും വളര്‍ന്നതുമെല്ലാം തിരുവനന്തപുരത്താണ്.
https://www.facebook.com/Malayalivartha