സംസ്ഥാന- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡ് ഹാജരാക്കണമെന്ന് സര്‍ക്കാര്‍
സംസ്ഥാന അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡ് ഹാജരാക്കണമെന്ന് സര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യഭദ്രത നിയമത്തോടനുബന്ധിച്ച് ഭക്ഷ്യവകുപ്പ് പുറത്തിറക്കിയ അന്തിമ മുന്‍ഗണനപ്പട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹര്‍ കയറിക്കൂടിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുമേഖല, സഹകരണമേഖലയിലെ സ്ഥിരം ജീവനക്കാരും അതത് വകുപ്പ് മേധാവികള്‍ക്ക് മുന്നില്‍ റേഷന്‍കാര്‍ഡ് ഹാജരാക്കണം. ഇതുസംബന്ധിച്ച് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നവര്‍ തുക കൈപ്പറ്റുന്ന സമയത്ത് ബാങ്കുകളിലോ ട്രഷറികളിലോ റേഷന്‍കാര്‍ഡ് ഹാജരാക്കണം. ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനത്ത് 1,54,80,042 പേരാണ് മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുന്നത്.
എന്നാല്‍, പല സര്‍ക്കാര്‍ ജീവനക്കാരും തെറ്റായ വിവരങ്ങള്‍ നല്‍കി പട്ടികയില്‍ ഇടംപിടിച്ചു. ഇതോടെ ആദിവാസികളും മത്സ്യത്തൊഴിലാളികളുമടക്കം അര്‍ഹതപ്പെട്ട പലരും പുറത്തായി. ഇതുസംബന്ധിച്ച് 16,73,422 പരാതികള്‍ ഭക്ഷ്യവകുപ്പിന് ലഭിച്ചു. ഇതില്‍ 12,93,868 എണ്ണം ശരിയാണെന്നും കണ്ടെത്തി.
പട്ടികയില്‍നിന്ന് അനര്‍ഹര്‍ സ്വയം ഒഴിവാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇതുവരെ 13,000ത്തോളം പേര്‍ മാത്രമേ എഴുതിക്കൊടുത്തിട്ടുള്ളൂ. നിലവില്‍ ജൂലൈ 30 വരെ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥിരംജീവനക്കാര്‍ക്ക് സ്വയം അപേക്ഷ നല്‍കി ഒഴിവാകാം. ഒഴിവായില്ലെങ്കില്‍ വകുപ്പുതല നടപടിയും നേരിടേണ്ടിവരും. അതേസമയം, മുന്‍ഗണന വിഭാഗത്തില്‍ കയറിക്കൂടിയ മറ്റ് അനര്‍ഹരെ ഒഴിവാക്കുന്നതിന് പൊതുവിതരണവകുപ്പി!ന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരെയും സ്വന്തമായി നാലുചക്ര വാഹനങ്ങള്‍ ഉള്ളവരെയും പട്ടികയില്‍നിന്ന് ഒഴിവാക്കും.
വീടുകളുടെ വിവരം തദ്ദേശവകുപ്പും വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹനവകുപ്പും ഭക്ഷ്യപൊതുവിതരണ വകുപ്പിന് കൈമാറും. ഉപജീവനത്തിനായി നാലുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ നിലനിര്‍ത്തുന്നത് പരിഗണനയിലുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍, അര്‍ബുദബാധിതര്‍, പട്ടികജാതിവര്‍ഗ വിഭാഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയവരെ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ വിവരം ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha