ദിലീപിന്റെയും കാവ്യയുടെയും 'സുനിക്കുട്ടന്‍' ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും
നടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപ് നടി കാവ്യ മാധവനുമായി അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പലതവണ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കൊല്ലം തേവലക്കരയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
ഷൂട്ടിങ് നടന്ന വീട്ടുകാരോടും അയല്‍വാസികളോടും വളരെ നല്ലരീതിയിലാണു സുനില്‍ പെരുമാറിയത്. ഷൂട്ടിങ്ങിനിടയില്‍ ദിലീപ്, കാവ്യ എന്നിവരുമായും ഇയാള്‍ വളരെ അടുപ്പത്തോടെ പെരുമാറി. 'സുനിക്കുട്ടന്‍' എന്നാണു പ്രതിയെ അവിടെ പലരും വിളിച്ചിരുന്നത്. ഇതു സംബന്ധിച്ച വിവരം ലഭിച്ച അന്വേഷണ സംഘം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്നു തേവലക്കരയിലെത്തി തെളിവുകള്‍ ശേഖരിച്ചു.
കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍ പങ്കാളിയാണെന്നു പൊലീസ് സംശയിക്കുന്ന സഹായി സുനില്‍രാജ് (അപ്പുണ്ണി) ഒളിവില്‍ പോയതു കേസിന്റെ തുടരന്വേഷണങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണി അപ്പുണ്ണിയാണ്. കുറ്റകൃത്യത്തിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും ആസൂത്രണവും നടന്നതിനാല്‍ പ്രതികള്‍ക്കെതിരെ ഇനിയും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു സൂചന.
ഇതിനിടെ, നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായി പൊലീസിനു രഹസ്യവിവരം ലഭിച്ചു. ഈ പ്രദേശത്തു മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും നിലമ്പൂരില്‍ തമ്പടിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha