തൊഴിലാളികള്‍ ജെ.സി.ബി. ഉപയോഗിച്ച് തുരത്തിയ കാട്ടാന ചെരിഞ്ഞു
ജെ.സി.ബി ഉപയോഗിച്ച് തുരത്തിയ കാട്ടാന ചെരിഞ്ഞു. എസ്‌റ്റേറ്റ് മേഖലയില്‍ പകല്‍ സമയത്ത് എത്തിയ ചില്ലിക്കൊമ്പനാണ് ചരിഞ്ഞത്. ജെ.സി.ബി ഉപയോഗിച്ചു തുരത്തുന്നതിനിടെ പരുക്കേറ്റതാണെന്നാണു വനംവകുപ്പ് നിഗമനം. തുരത്താന്‍ ഉപയോഗിച്ച ജെ.സി.ബിയും കസ്റ്റഡിയിലെടുത്തു. ആനയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്‌റ്റേറ്റിലെത്തിയ കാട്ടാന തേയില ഫാക്ടറിയുടെ ഗേറ്റു തകര്‍ത്തു അകത്തു കടക്കുകയും തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയും ചെയ്തിരുന്നു. തലേദിവസം രാത്രി മേഖലയിലെത്തിയ ആന എതിരെ വന്ന ട്രാക്ടറില്‍ ഇടിക്കുകയും വാഹനത്തിന് കേടു വരുത്തുകയും ചെയ്തിരുന്നു.
കാട്ടാനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ചു കാട്ടാനയെ തുരത്താന്‍ തീരുമാനിച്ചത്. വൈകുന്നേരത്തോടെ കാട്ടിലേയ്ക്കു തുരത്തുകയും ചെയ്തു. എന്നാല്‍ ജെ.സി.ബി ഉപയോഗിച്ചു തുരത്തുന്നതിടെയാണ് കാട്ടാനയ്ക്കു പരുക്കേറ്റതെന്നതാണ് വനംവകുപ്പും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്.
ആനയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ജെ.സി.ബി. കൊണ്ട് ആനയുടെ മസ്തകത്തില്‍ അടിയേറ്റതായി സൂചനയുണ്ട്. തുടര്‍ന്ന് ആനയെ ഓടിക്കാനുപയോഗിച്ച് ജെ.സി.ബി യെയും െ്രെഡവറെയും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ കെ.ഡി.എച്ച്.പി കമ്പനി ഉപയോഗിക്കുന്നതാണിത്.
അലക്ഷ്യമായി വാഹനം ഉപയോഗിച്ചതിനും കാട്ടാനയുടെ ജീവന്‍ നഷ്ടപ്പെടാനിടയായതിനും നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ആനയെ തുരത്തുന്നത് തൊഴിലാളികള്‍ മൊെബെലില്‍ വീഡിയോ ആയി പകര്‍ത്തിയിരുന്നു. ഇത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
കാട്ടാനയെത്തിയ ഫാക്ടറിയില്‍ നിന്നും നൂറു മീറ്റര്‍ അകലെയുള്ള ചതുപ്പു നിലത്തിലാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കോന്നിയില്‍ നിന്നെത്തിയ വെറ്ററിനറി ഓഫീസര്‍ ഡോ. ജയകുമാര്‍, തേക്കടിയില്‍ നിന്നെത്തിയ ഡോ.അബ്ദുള്‍ ഫത്താബ് എന്നിവരാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ദേവികുളം ഡി.എഫ്.ഒ നരേന്ദ്ര ബാബു, റെയ്ഞ്ച് ഓഫീസര്‍ നിബു കിരണ്‍ എന്നിവര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. ചെരിഞ്ഞ ആനയുടെ കൊമ്പുകള്‍ മുറിച്ചു തിരുവനന്തപുരത്തേയ്ക്കു കൊണ്ടു പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha