ജയിലിൽ ദിലീപിന് സഹായിയുൾപ്പടെയുള്ള സൗകര്യങ്ങളും, പ്രത്യേക ഭക്ഷണവും
നടിയെ ഉപദ്രവിച്ച കേസിൽ ഗൂഢാലോചനയിൽ പ്രതിയായി ആലുവ സബ്ജയിലിൽ കഴിയുന്ന ദിലീപിന് ജയിൽ വക സഹായി. ദിലീപ് ഉൾപ്പെടെ നാല് പേരുള്ള സെല്ലിൽ ദിലീപിന്റെ സഹായത്തിന് തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണ് ജയിൽ അധികൃതർ വിട്ടുകൊടുത്തത്. മറ്റു തടവുകാർ ഭക്ഷണം കഴിച്ചു സെല്ലിനുള്ളിൽ കയറിയശേഷം, ജയിൽ ജീവനക്കാർക്ക് തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനും ദിലീപിന് അനുവാദം നൽകി. ഇതുൾപ്പെടെ ജയിലിൽ ദിലീപിന് നൽകിയിരിക്കുന്ന വിവിഐപി പരിഗണനയെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി.
തുണി അലക്കൽ, പാത്രം കഴുകൽ, ശുചിമുറി വൃത്തിയാക്കൽ തുടങ്ങിയവയാണു സഹായിയുടെ പണി. ദിലീപിന് രണ്ടു ദിവസമായി ജയിലിലെ അടുക്കളയിലാണു ഭക്ഷണം. മറ്റു തടവുകാർ ഭക്ഷണം കഴിച്ചു സെല്ലിൽ കയറിയശേഷമാണ് ദിലീപിനെ പുറത്തിറക്കി അടുക്കളയിലെത്തിക്കുന്നത്. ജയിൽ മെനുവിൽ പെടാത്ത, പ്രത്യേക വിഭവങ്ങളാണ് ഇവിടെ ജീവനക്കാർക്ക് വേണ്ടി തയാറാക്കുന്നത്. മറ്റു തടവുകാർക്കൊപ്പം പുറത്തിറക്കി ദിലീപിനെ കുളിപ്പിക്കുന്ന രീതിയും നിന്നു. എല്ലാവരും കുളിച്ചുപോയതിനുശേഷം ഒറ്റയ്ക്ക് ഇതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണു ചെയ്യുന്നത്.
ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ജയിൽ ജീവനക്കാരോട് ദിലീപ് പങ്കുവച്ചിരുന്നു. ജാമ്യം തള്ളിയശേഷമാണ് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. സുരക്ഷയുടെ പേരു പറഞ്ഞാണിതെങ്കിലും പിന്നിൽ വഴിവിട്ട ഇടപാടുകളുണ്ടോയെന്നാണു ജയിൽ വകുപ്പ് അന്വേഷിക്കുന്നത്. ദിലീപ് ജയിലിൽ കഴിയുമ്പോൾ, അവധിദിനത്തിൽ ജയിലിലെ ഉന്നതോദ്യോഗസ്ഥനെ ഇരട്ടക്കൊലക്കേസ് പ്രതി സന്ദർശിച്ചത് വിവാദമായിരുന്നു.
ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ രക്തസമ്മർദമുയർന്ന് ഉദ്യോഗസ്ഥൻ ആശുപത്രിയിലായി. ഇക്കാരണത്താലാണ് അന്ന് അന്വേഷണം തൽകാലം വേണ്ടെന്ന് വച്ചത്. ദിലീപിനെ കാണാൻ ബന്ധുക്കളെയും അഭിഭാഷകനെയും മാത്രമേ അനുവദിക്കാവൂ എന്ന ജയിൽ മേധാവിയുടെ നിർദേശം മറികടന്നു കഴിഞ്ഞ ദിവസം ദിലീപിനെ കാണാൻ സുഹൃത്തിനെ അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha