ഭര്‍ത്താവിലുള്ള വിശ്വാസത്തില്‍ അറവുശാലയിൽ പൊലിഞ്ഞത് സ്വന്തം ജീവന്‍
എത്ര പിണക്കങ്ങളുണ്ടെങ്കിലും സ്വന്തം ഭര്‍ത്തവ് വന്നുവിളിച്ചാല്‍ ഏത് പാതിരാത്രിയിലും ഇറങ്ങിച്ചെല്ലണമെന്ന സാമൂഹ്യബോധം നയിച്ചത് ഒരു യുവതിയുടെ ദാരുണമായ അന്ത്യത്തിലേക്ക്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി അഞ്ചപ്പുരയിലെ അറവുശാലയില്‍ വെച്ച് ഭര്‍ത്താവിന്റെ കൈകളാല്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട റഹീനയെ രാത്രിയില്‍ രണ്ടര മണിക്ക് വിളിച്ചിറക്കിക്കൊണ്ടുപോകുമ്പോള്‍ സ്വന്തം മാതാവ് പലതവണ പോകേണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയിട്ടും ഭര്‍ത്താവിലുള്ള വിശ്വാസവും സ്‌നേഹവും തന്നെയായിരുന്നു അവളെ മരണത്തിലേക്ക് ഇറങ്ങിപോവാന്‍ പ്രേരിപ്പിച്ചത്.
2003ല്‍ തന്റെ 16--ാം വയസ്സിലാണ് കോഴിക്കോട് നരിക്കുനിയിലെ കുട്ടാമ്പൊയ്യില്‍ ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ നിന്ന് അത്യാവശ്യം കാശുള്ള കന്നുകച്ചവടം ചെയ്യുന്ന നജ്മുദ്ധീനെ നിക്കാഹ് ചെയ് റഹീന പരപ്പനങ്ങാടിയിലെത്തുന്നത്. ഇവരുടെ ദാമ്പത്യത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ സന്തോഷത്തോടെ ജീവിച്ചെങ്കിലും പിന്നീട് തൊട്ടതെല്ലാം സംശയവും കുറ്റവുമായി മാറുകയായിരുന്നു. റഹീന അടുത്ത വീടുകളില്‍ പോകുന്നതോ, മറ്റുളളവരോട് സംസാരിക്കുന്നതോ, സ്വന്തം നാട്ടിലേക്ക് പോകുന്നതോ ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നു. ഇതെല്ലാം സംശയത്തിന്റെ കണ്ണിലൂടെയാണ് ഇയാള്‍ നോക്കിക്കണ്ടത്.
ഏഴുവര്‍ഷം മുമ്പ് സ്വന്തം പിതാവ് മരിച്ചപ്പോള്‍ നാട്ടിലേക്ക് പോകേണ്ട എന്ന വാക്ക് ധിക്കരിച്ച് റഹീന പോയതോടെ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയും കൂടുംബ കോടതിയിലേക്ക് കാര്യങ്ങള്‍ എത്തുകയുമായിരുന്നു. മൂന്ന് വര്‍ഷത്തോളം റഹീന നാട്ടില്‍ താമസിക്കുകയും ഈ സമയത്ത് നജ്മുദ്ധീന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കോടതിയില്‍ വെച്ച് ഇരുകൂട്ടരും രമ്യതയിലാവുകയും പരപ്പനങ്ങാടിയിലേക്ക് തിരികെ വരികയുമായിരുന്നു.
പിന്നീട് ഇവര്‍ താമസിച്ചിരുന്നു വീട്ടിലേക്ക് രണ്ടാം ഭാര്യയെകൂടി ഭര്‍ത്താവ് കൊണ്ടുവന്നു. അവിടെ രണ്ട് ഭാര്യമാരും ഒരുമിച്ച് താമസിപ്പിച്ചതോടെ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും നിരന്തരം സംശയങ്ങളാവുകയും അടിപിടിയിലേക്ക് നീളുകയുമായിരുന്നു. ഇതെ തുടര്‍ന്ന് ഒന്നേകാല്‍ വര്‍ഷം മുമ്പ് റഹീനയെയും രണ്ട് മക്കളെയും ഇപ്പോള്‍ താമസിക്കുന്ന പരപ്പനങ്ങാടി പരപ്പില്‍ റോഡിലുള്ള വാടക വീട്ടിലേക്ക് മാറ്റി. ഇവിടെ എത്തിയിട്ടും ഈ അവസ്ഥയ്ക്ക് മാറ്റം വന്നില്ല. അടുത്തകാലത്ത് റഹീന ഒരു സിം ഉപയോഗിക്കുന്നുണ്ടെന്നും അത് ആരോ വാങ്ങിക്കൊടുത്തതാണെന്നും അതിലൂടെ ആരെയോ വിളിക്കുന്നുണ്ടെന്നും, അതുവഴി തന്റെ രണ്ടാം ഭാര്യയുടെ വീട്ടില്‍ നടക്കുന്ന വിവരങ്ങള്‍ അറിയുന്നുണ്ടെന്നും പറഞ്ഞ് നജ്മുദ്ധീനുമായി നിരന്തരം വഴക്കായിരുന്നു.
ഇതിന്റെ പേരില്‍ അടിയും വക്കാണവുമായതോടെ റഹീന കഴിഞ്ഞയാഴ്ച തന്റെ ഉമ്മയെ വിളിച്ച് തന്നെയും മക്കളെയും ഇവിടെ നിന്ന് കൊണ്ടുപോകണമെന്നും തനിക്ക് ഇവിടെ താമസിക്കാന്‍ പറ്റാത്ത രീതിയില്‍ തന്നെയും മക്കളെയും ഉപദ്രവിക്കുകയാണെന്നും പറഞ്ഞു. കൂടാതെ ഭര്‍ത്താവിന് സംശയമാണെന്നും ഒറ്റയ്ക്ക് മടങ്ങിവന്നാല്‍ താന്‍ ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോയതാണെന്ന് പറയുമെന്നും പറഞ്ഞു. ഇതെ തുടര്‍ന്ന് വീട്ടിലെത്തിയ ഉമ്മയുടെ സാന്നിദ്ധ്യത്തില്‍ റഹീന കൊലചെയ്യപ്പെട്ട തലേ ദിവസവും വാക്കേറ്റമുണ്ടായി. ആരോ വിളിക്കുന്ന സിം തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടായിരുന്ന തര്‍ക്കം.
എന്നാല്‍ അങ്ങിനെയൊരു സിം ഇല്ലെന്നും ഇങ്ങനെ തന്നെ സംശയിക്കുന്ന ഭര്‍ത്താവിനൊപ്പം ജീവിക്കേണ്ടെന്നും റഹീമ തീര്‍ത്തു പറഞ്ഞു. നാളെ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്നും ഉറപ്പിച്ചുപറഞ്ഞു. റഹീനയെ നാട്ടില്‍പോയി ഒറ്റയ്ക്ക് താമസിക്കാന്‍ വിടാന്‍ നജ്മുദ്ധീന്‍ ഒരുക്കമല്ലായിരുന്നു. ഇതാണ് സ്വന്തം ഭാര്യയെ കൊലചെയ്യാനുള്ള ചേതോവികാരത്തിന്റെ പിറകിലെന്നാണ് പോലീസിനോട് നജ്മുദ്ദീൻ പറഞ്ഞത്.
https://www.facebook.com/Malayalivartha