യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ ഇനി രഹസ്യം, പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ മറ്റ് അഭിഭാഷകര്‍ക്കോ കോടതിമുറിയില്‍ പ്രവേശനമുണ്ടാകില്ല
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കോടതിനടപടി രഹസ്യസ്വഭാവത്തിലാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു കോടതി തീരുമാനമറിയിച്ചത്.
പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി മാധ്യമപ്രവര്‍ത്തകരെയും കേസുമായി ബന്ധമില്ലാത്ത അഭിഭാഷകരെയും പുറത്തിറക്കിയതിനു ശേഷമാണ് നടപടി തുടര്‍ന്നത്. ഗൂഢാലോചനക്കേസില്‍ പ്രതിയായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ഹാജരാക്കുമ്പോള്‍ ഇനി പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ മറ്റ് അഭിഭാഷകര്‍ക്കോ കോടതിമുറിയില്‍ പ്രവേശനമുണ്ടാകില്ല. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമുള്ള രേഖകളും പുറത്തുവരുന്നതു തടയാനായി തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നു പ്രോസിക്യൂഷന്‍ നേരത്തേ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
നടി മജിസ്‌ട്രേട്ടിനു നല്‍കിയ രഹസ്യമൊഴി പ്രതിഭാഗത്തിനു നല്‍കരുതെന്നും രഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്തുവരുന്നതു ഗുരുതരപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആക്രമണത്തിനിരയായ നടിയുടെ അഭിമാനവും സുരക്ഷയും സര്‍ക്കാരിന്റെ ചുമതലയാണ്. ആ സാമൂഹിക ഉത്തരവാദിത്തം പ്രോസിക്യൂഷനുണ്ടെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ കേസിനെയും ഇരയെയും ബാധിക്കുമെന്നും യുവനടിയെ ഉപദ്രവിച്ച കേസ് ഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ദിലീപിനെ കോടതിയില്‍ നേരിട്ടു ഹാജരാക്കുന്നതിനു സുരക്ഷാപ്രശ്‌നമുണ്ടെന്നു പോലീസ് നേരത്തേ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം സ്‌െകെപ് വഴി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു ദിലീപിന്റെ റിമാന്‍ഡ് നടപടികള്‍ നടത്തിയത്
https://www.facebook.com/Malayalivartha