അനന്തരം എം എല്‍ എ വിന്‍സെന്റിന് കോണ്‍ഗ്രസുകാര്‍ പണികൊടുത്തു
ഒടുവില്‍ കോണ്‍ഗ്രസുകാര്‍ തന്നെ എം.വിന്‍സെന്റ് എം എല്‍ എക്ക് പണി കൊടുത്തു. വിന്‍സെന്റ് എം എല്‍ എ യെ സഹായിക്കാനാണെന്ന വ്യാജേന ചില കോണ്‍ഗ്രസുകാര്‍ നടത്തിയ സമരപരിപാടികളാണ് വിന്‍സെന്റിന് ജാമ്യം നിഷേധിക്കാന്‍ കാരണമായത്.
പ്രോസിക്യൂഷന്റെ പ്രധാന വാദവും ഇതുതന്നെയായിരുന്നു. വിന്‍സെന്റ് പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും വാദിച്ചു. അതിനെതിരെ വിന്‍സെന്റിന്റെ അഭിഭാഷകന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
കഴിഞ്ഞ രണ്ട് ദിവസമായി കോവളം നിയോജക മണ്ഡലത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. ആശുപത്രിയിലായിരുന്ന വീട്ടമ്മക്കെതിരെ കുക്ക് വിളിയും പതിവായിരുന്നു. ബാലരാമപുരം കേന്ദ്രീകരിച്ച് രാപകല്‍ സമരവും നടന്നു. എം എല്‍ എ യെ ക്രൂശിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് അദ്ദേഹത്തിനെ ഹാജരാക്കിയ നെയ്യാറ്റിന്‍കര കോടതി പരിസരത്തും സംഘര്‍ഷ സാധ്യതയുണ്ടായി. മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പാടില്ലാത്ത സ്ഥലത്ത് മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ എം എല്‍ എക്ക് തന്നെ ഇടപെടേണ്ടി വന്നു.
ഒരാള്‍ ജയിലിലാകുമ്പോള്‍ അത് പ്രതീക്ഷിക്കാത്ത നടപടിയാണെങ്കില്‍ പ്രക്ഷോഭങ്ങള്‍ നടക്കുക സ്വാഭാവികം മാത്രം. എന്നാല്‍ കേരളത്തില്‍ തമിഴ്‌നാടിനെ പോലെ ആത്മാഹുതിയൊന്നും നടക്കാറില്ല. രാഷ്ട്രീയക്കാരെ സിനിമാ താരങ്ങളെ പോലെ കരുതാറുമില്ല. കോവളം നിയോജക മണ്ഡലം തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്നതു കൊണ്ടാവണം പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ അതിരു കടക്കുന്നു.
വിന്‍സെന്റ് കുറ്റക്കാരനാണോ അല്ലയോ എന്നു തീരുമാനിക്കേണ്ട കോടതിയെ നോക്കി കുത്തിയാക്കി കൊണ്ടാണ് പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്. അത് എംഎല്‍എക്ക് തന്നെ വിനയായി തീരുമെന്ന് പ്രവര്‍ത്തകര്‍ മനസിലാക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha