ദിലീപിനെ ആലുവ സബ് ജയിലിൽ നിന്നും ഉടൻ മാറ്റിയേക്കും; സബ് ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ ദിലീപിനെ വഴിവിട്ട് സഹായിക്കുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
ജയിലിൽ ദിലീപ് വി ഐ പി യായി പരിഗണിക്കപ്പെടുന്നു എന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ദിലീപിനെ ജയിൽ മാറ്റാൻ സർക്കാർ ആലോചിക്കുന്നത്. ദിലീപിനെ കാണാൻ അനിയനൊപ്പമെത്തിയ സുഹൃത്തിന് അനുവാദം നൽകിയതും വിവാദമായിട്ടുണ്ട്. ജയിൽ സൂപ്രണ്ടുമായി സ്വരചേർച്ചയില്ലാത്ത ചില ഉദ്യോഗസ്ഥർ കൃത്യമായി വിവരങ്ങൾ ചോർത്തി സർക്കാരിനു നൽകുന്നുണ്ട്. ദിലീപിന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പിന്നിൽ ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ താത്പര്യങ്ങൾ മാത്രമാണെന്നും അറിയുന്നു.
ദിലീപിന് ശശികലക്ക് ജയിലിൽ കിട്ടുന്ന അതേ പരിഗണന തന്നെയാണ് ലഭിക്കുന്നത്. തിരക്ക് കുറഞ്ഞ ജയിലായതിനാൽ എപ്പോൾ വേണമെങ്കിലും ഫോണിൽ സംസാരിക്കാനും ഓൺലൈൻ ചാറ്റിംഗ് നടത്താനും സൗകര്യമുണ്ട്. അടുക്കളയിൽ ജയിൽ ഉദ്യോഗസ്ഥർക്കൊപ്പമിരുന്നാണ് ദിലീപ് ഭക്ഷണം കഴിക്കുന്നത്. കുളിക്കാൻ പ്രത്യേക സമയം നൽകിയിട്ടുണ്ട്. തുണി അലക്കാൻ സഹായിയുമുണ്ട്. അടുത്ത ബന്ധുക്കൾ ഒഴികെയുള്ളവർക്ക് സന്ദർശനാനുമതി നൽകരുതെന്നാണ് ചട്ടം.
ജയിൽ സൂപ്രണ്ടിനോട് ജയിൽ വകുപ്പ് വിശദീകരണം ചോദിച്ചിട്ടുണ്ട്. ദിലീപിൽ നിന്നും ഉദ്യോഗസ്ഥർ സാമ്പത്തിക സഹായം പറ്റിയിട്ടുണ്ടോ എന്നാണ് സർക്കാർ പ്രധാനമായും അന്വേഷിക്കുന്നത്. ഇല്ലെങ്കിൽ ഇത്തരത്തിലൊരു സഹായം ചെയാൻ ജയിൽ അധികൃതർ തയാറാവില്ലെന്നാണ് പോലീസ് കരുതുന്നത്.
ദിലീപിനെ ആലുവ സബ് ജയിലിൽ റിമാന്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ അത് വേണോ എന്ന സന്ദേഹം പോലീസിലുണ്ടായതാണ്. ദിലീപിന്റെ വീട് ആലുവയിലാണ്. സ്വാഭാവികമായും ജയിലിലുള്ളവർ ദിലീപിന്റെ പരിചയക്കാരും നാട്ടുകാരുമായിരിക്കും. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ദിലീപിന് ചില പരിഗണനകൾ ലഭിക്കുമെന്ന് പോലീസ് സംശയിച്ചു. അത് ഇപ്പോൾ ശരിയായിരിക്കുകയാണ്.
ആലുവയിലെ കാര്യങ്ങൾ പോലീസ് മേധാവി സർക്കാരിനെ യഥാ സമയം അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനം എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. ദിലീപിനെ ജയിൽ മാറ്റണമെന്നു തന്നെയാണ് കത്തിലെ ശുപാർശ.
https://www.facebook.com/Malayalivartha