കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂല തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തോറ്റുകൊടുക്കാന്‍ മനസ്സില്ല ഞങ്ങള്‍ക്ക്. വില കൊടുത്തു വാങ്ങിയ തീറാധാര ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്തതിനെതിരേ കാഞ്ഞിരത്തിനാല്‍ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇനി ഓഗസ്റ്റ് രണ്ടിന് കേസ് പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ എതൃകക്ഷിയാണ് സര്‍ക്കാര്‍. മുന്‍ കേന്ദ്ര നിയമമന്ത്രിയും നിലവില്‍ എന്‍.ഡി.എ. ദേശീയ സമിതി അംഗവുമായ പി.സി. തോമസാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് കേസില്‍ 7122016ന് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. വിധി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് എതിരായിരുന്നു. വിധിക്കെതിരേ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്ുവാന്‍ യതാമസിച്ചത് മാപ്പാക്കണമെന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്. 76 ദിവസം വൈകിയാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വേണ്ടി റിവ്യൂ ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ള വിലപ്പെട്ട രേഖകള്‍ വിവരാവകാശ നിയമം പ്രകാരം ലഭിക്കുന്നതില്‍ വന്ന കാലതാമസമാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ താമസിച്ചതെന്ന് അഡ്വ. പി.സി. തോമസ് ബോധിപ്പിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റീസുമാരായ പി.എന്‍. രവീന്ദ്രന്‍, ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
റിവ്യൂ ഹര്‍ജി ഉടന്‍ തന്നെ കേള്‍ക്കണമെന്ന് പി.സി. തോമസ് ഇന്നലെ ആവശ്യപ്പെട്ടപ്പോള്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ഇനിയും സാവകാശം വേണമെന്നും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുമാണ് രഞ്ജിത് തമ്പാന്‍ ഹൈകോടതിയെ അറിയിച്ചത്. എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം നല്‍കേണ്ട കാര്യമില്ലെന്നും തന്റെ കക്ഷി ഏറെ പണിപ്പെട്ടിട്ടാണെങ്കിലും രേഖകള്‍ ശേഖരിച്ച് കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും അതിനായി ഇനി സമയം കളയരുതെന്നുമാണ് പി.സി. തോമസ് ആവശ്യപ്പെട്ടത്. 40 വര്‍ഷമായി പീഡനം അനുഭവിക്കുന്ന കുടുംബത്തിന് ഇതുവരെ അനുകൂല തീരുമാനമെടുക്കാത്തവര്‍ പറയുന്നത് കേട്ട് ഇനിയും സമയം നീട്ടി നല്‍കരുതെന്നായിരുന്നു പി.സി. തോമസിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഓഗസ്റ്റ് രണ്ടിലേക്ക് കേസ് മാറ്റിയത്. ഒരാഴ്ചക്കകം കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കുന്നില്ലെങ്കില്‍ ഇനിയും വാദം കേള്‍ക്കാന്‍ സമയം ചോദിച്ചാല്‍ സമയം അനുവദിക്കരുതെന്നും ഓരോരോ കാരണം പറഞ്ഞ് കഴിഞ്ഞ ഒരുമാസമായി കേസ് മാറ്റുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി.സി. തോമസ് കോടതിയെ ബോധിപ്പിച്ചു. പി.സി. തോമസിനെ കൂടാതെ അഡ്വ. റോജോ തുരുത്തിപ്പാറയും പരാതിക്കാര്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി.
മാനന്തവാടി താലൂക്ക് തൊണ്ടര്‍നാട് വില്ലേജില്‍ 238/1 ല്‍പെട്ട 12 ഏക്കര്‍ ഭൂമിയാണ് കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍ നിന്നു 1967 ല്‍ കാഞ്ഞിരത്തിനാല്‍ കുടുംബം വിലകൊടുത്തു വാങ്ങിയത്. ഇത് വനഭൂമിയാണെന്നു പറഞ്ഞാണ് വനംവകുപ്പ് പിടിച്ചെടുത്ത് കുടുംബത്തെ തെരുവിലിറക്കി വിട്ടത്. എന്നാല്‍ നിയമവിരുദ്ധമായാണ് ഭൂമി പിടിച്ചെടുത്തതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും വിജിലന്‍സ്, സബ് കലക്ടര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ തെളിവു സഹിതം കണ്ടെത്തിയതാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനുള്ള പ്രതീക്ഷ.
കള്ളക്കളി വ്യക്തമാക്കുന്ന രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം കാഞ്ഞിരത്തിനാല്‍ കുടുംബം ശേഖരിച്ച് അഡ്വ. പി.സി. തോമസ് മുഖേനെ ഹൈക്കോടതിയില്‍ എത്തിച്ചിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ മറ്റൊരു ഭൂമി വനമായി ഏറ്റെടുക്കേണ്ടതിനു പകരം വനംവകുപ്പ് തെറ്റായി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പിടിച്ചെടുക്കുകയായിരുന്നും ഈ വിഷയത്തില്‍ സര്‍ക്കാരിനെയും നിയമസഭയെയും തെറ്റിദ്ധരിപ്പിച്ച മുന്‍ മുന്‍ നോര്‍ത്ത് വയനാട് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ മാനന്തവാടി സബ് കലക്ടര്‍ അധ്യക്ഷനായ മൂന്നംഗ സമിതി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും വനംവകുപ്പിന്റെ കള്ളക്കളികള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളും ഇതില്‍ പറയുന്ന രേഖകളും, മുമ്പ് ഇതേ വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ ഹൈക്കോടതിയുടെ മുമ്പിലെത്തിച്ചിരുന്നില്ല.
സാമ്പത്തികശേഷിയും സ്വാധീനവുമില്ലാത്തതിനാല്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഫലപ്രദമായി നിയമപോരാട്ടം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കുടംബത്തിന്റെ ദയനീയ സ്ഥിതി അറിഞ്ഞ് പി.സി. തോമസ് കേസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ ജയിസ് കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ജയിംസ് വിവരാവകാശ നിയമം പ്രകാരം സമ്പാദിച്ച രേഖകളാണ് ഹൈക്കോടതിയില്‍ കേസിന് ബലം പകരുന്നത്.
https://www.facebook.com/Malayalivartha