ദിലീപിന്റെ കയ്യേറ്റഭൂമിയിലെ സംരക്ഷണ ഭിത്തിയും കുളിക്കടവും ഇബ്രാഹിംകുഞ്ഞിന്റെ സ്വാധീനത്തില്‍; ഭൂമിയിലെ ചുറ്റുമതില്‍ പൊളിച്ചുമാറ്റി ഡിവൈഎഫ്‌ഐ
വടക്കന്‍ പറവൂരിലെ കരുമാലൂരില്‍ ദിലീപ് കയ്യേറിയെന്ന് ആരോപിക്കുന്ന രണ്ടേക്കര്‍ ഭൂമി റവന്യൂ ഉദ്യോഗസ്ഥര്‍ അളക്കുന്നു. 30 സെന്റോളം ഭൂമി കയ്യേറിയിട്ടുണ്ടെന്ന വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ പെരിയാറിന് തീരത്തുളള രണ്ടേക്കറോളം ഭൂമിയില്‍ 30 സെന്റ് പുറമ്പോക്ക് ദീലീപ് കയ്യേറിയെന്ന് വില്ലേജ് ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലായിരുന്നു റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തുന്നത്. പ്രദേശത്ത് എത്തിയ സര്‍വ്വേ സംഘം ഭൂമിയില്‍ കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. പൂര്‍ണമായും അളക്കാന്‍ മൂന്നു ദിവസമെങ്കിലും എടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
2006ലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും പേരില്‍ രണ്ടേക്കര്‍ ഭൂമി വാങ്ങിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ സ്ഥലത്ത് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംരക്ഷണ ഭിത്തിയും കുളിക്കടവും നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയായിരുന്നു നിര്‍മ്മാണം. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഡി ഷിജു പറഞ്ഞു.
അതേസമയം, ദിലീപിന്റെ സ്ഥലത്തിനോട് ചേര്‍ന്നുളള പെരിയാറിന്റെ സമീപപ്രദേശത്തെ മറ്റ് കയ്യേറ്റങ്ങളും അളക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും പ്രതിഷേധ പ്രകടനം നടത്തി. അതിനിടെ ദിലീപിന്റെ കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച ചുറ്റുമതിലിലെ ചില ഭാഗങ്ങള്‍ ഡിവൈഎഫ്‌ഐ പൊളിച്ചുമാറ്റി. തുടര്‍ന്ന് പൊലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് ഭൂമി അളക്കാനിരുന്നതെങ്കിലും സര്‍വ്വേ ഉദ്യോഗസ്ഥര്‍ മാത്രമാണ് നടപടികളള്‍ക്കായി എത്തിയതും.
https://www.facebook.com/Malayalivartha