ചന്ദ്രബോസ് വധക്കേസ്: നിഷാമിനെ മോചിപ്പിക്കാന്‍ ശ്രമമെന്ന് ആരോപണം
സെക്യൂരിറ്റി ജീവനക്കാന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെ മോചിപ്പിക്കാന്‍ അണിയറനീക്കമെന്ന് ആരോപണം. നിഷാമിന്റെ മാനസികനില തെറ്റിയതായും ഇതിനു ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് അടുത്ത ബന്ധു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും നിഷാമിന്റെ നാടായ മുറ്റിച്ചൂരില്‍ നടന്ന കണ്‍വന്‍ഷനും ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം. ചന്ദ്രബോസിന്റെ കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങള്‍ മാനസിക അസ്വാസ്ഥ്യത്തിന്റെ ഭാഗമാണെന്നു വരുത്താനുള്ള ശ്രമം നേരത്തെ തന്നെ പ്രതിഭാഗം നടത്തിയിരുന്നു. നിഷാം വിഷാദരോഗത്തിനുമരുന്നു കഴിക്കുന്നുണ്ടെന്നു വിചാരണവേളയില്‍ വാദമുണ്ടായി. എന്നാല്‍ അതു തെളിയിക്കാന്‍ പ്രതിഭാഗത്തിനായിരുന്നില്ല. കീഴ്‌ക്കോടതി വിധിക്കെതിരേ നിഷാം നല്‍കിയ അപ്പീലില്‍ ഉപഹര്‍ജിയായിട്ടാണ് നിഷാമിന്റെ ബന്ധു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നിഷാമിന്റെ മാനസികാരോഗ്യ നില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിഷാമിനെ ഈ മാസം 14 ന് സന്ദര്‍ശിച്ചിരുന്നെങ്കിലും തന്നെ നിഷാം തിരിച്ചറിഞ്ഞില്ലെന്നും മാനോനില തകരാറിലായ രീതിയിലാണ് പെരുമാറിയതെന്നുമാണു ഉപഹര്‍ജിയില്‍ പറയുന്നത്. മറ്റുള്ളവരെ ആക്രമിക്കാനോ സ്വയം മുറിവേല്‍പിക്കാനോ സാധ്യതയുണ്ടെന്നും ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഈ വാദത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എതിര്‍ത്തു. മനോരോഗമുണ്ടെന്ന് അഭിനയിക്കുന്നതാകാനാണ് സാധ്യതയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിനു കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ലഭ്യമാക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടെ നിഷാമിനു പരോള്‍ നേടാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. പുറത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായാല്‍ നിഷാമിന് പരോള്‍ അനുവദിക്കാന്‍ നോക്കാമെന്ന് ചില രാഷ്ര്ടീയ കക്ഷികള്‍ ഉറപ്പു നല്‍കിയിരുന്നതായും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha