ഊണും ഉറക്കവുമില്ലാതെ കാവ്യയ്ക്ക് പിന്നാലെ പോലീസ് പായുന്നത് ചുമ്മാതൊന്നുമല്ല...
നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസ് കാവ്യയുടെ പിന്നാലെ പോകുന്നത് കാവ്യയെ പ്രതിയാക്കാനാണോ എന്ന സംശയം എല്ലാവരിലും ഉണ്ടെങ്കിലും അത് ശരിയല്ലെന്നാണ് നിയമ വൃത്തങ്ങൾ കരുതുന്നത്. ഗുരുതരമായ കുറ്റകൃത്യമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ദിലീപ് വലപൊട്ടിച്ച് പോകരുത്. അത് കോടതിയിൽ തെളിയിക്കണമെങ്കിൽ എല്ലാ പഴുതുകളും അടയ്ക്കണം. ദിലീപ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല. എന്നാൽ, പങ്കെടുത്തതതിന് സമാനമായ രീതിയിൽ കൂട്ട മാനഭംഗം അടക്കമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സീൻ ഓഫ് ആക്ഷനിൽ ഇല്ലാത്തൊരു വ്യക്തിയെ അതുമായി ബന്ധിപ്പിക്കാൻ സാധാരണ തെളിവുകൾ പോരാ. അല്പം പോലും ഉലയാത്ത തെളിവുകൾ നിരത്തണം.
സംശയത്തിന്റെ ആനുകൂല്യം ആവോളം പ്രതിക്ക് കോടതിയിൽ നിന്ന് ലഭിക്കും. കാരണം ഗൂഢാലോചനക്കുറ്റത്തിലെ പ്രതി നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടില്ല എന്നതു തന്നെ. അതുകൊണ്ട് കോടതിക്ക് നേരിയ സംശയം പോലും തോന്നാത്തവിധം ആയിരിക്കണം പ്രോസിക്യൂഷൻ കേസ്. അതിന് ആവശ്യമായതെല്ലാം ശേഖരിച്ച് നിരത്തണം. അതിൽ പാളിയാൽ പ്രതി വലപൊട്ടിക്കും. കേസുമായി ബന്ധപ്പെട്ട് കുറ്റകൃത്യം ചെയ്ത പ്രതികളുടെയും അവരെയും ദിലീപിനെയും ബന്ധിപ്പിക്കാൻ ഉതകുന്ന സാഹചര്യങ്ങളുടെയും വലിയൊരു കൂമ്പാരം തന്നെ പൊലീസ് നിരത്തുന്നുണ്ട്. ഇതെല്ലാം ദിലീപിനെ കുറ്റക്കാരനെന്ന് സംശയിക്കാൻ ഉതകുന്ന തെളിവുകളാണ്. എന്നാൽ, കാവ്യയിൽ നിന്നു കിട്ടുന്ന സാഹചര്യതെളിവ്, അതുശരിയാണങ്കിൽ കേസിന് കിട്ടുന്ന പിൻബലം കുറച്ചൊന്നുമല്ല.
ദിലീപ് എന്തിന് നടിയെ ആക്രമിക്കാൻ തുനിയണം എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യവും ശക്തിയുക്തവുമായ മറുപടി നൽകാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിൽ കേസ് ദുർബലമാവും. ആദ്യ ഭാര്യ മഞ്ജുവുമായി തെറ്റാൻ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് വിശ്വസിക്കാനുണ്ടായ സാഹചര്യം ഉൾപ്പെടെ ബോധ്യപ്പെടുത്തേണ്ടിവരും. അതിന് മഞ്ജുവിന്റെ മൊഴി മാത്രം പോര. കാരണം മഞ്ജു ദിലീപിനാൽ ഉപേക്ഷിക്കപ്പെട്ട വ്യക്തിയാണ്. ആ വ്യക്തി ദിലീപിനെ ന്യായീകരിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ഇതുമായി ബന്ധപ്പെട്ട് സ്റ്റേജ് ഷോയുടെ റിഹേഴ്സൽ വേളയിൽ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ നടന്ന കശപിശയാണ് പൊലീസിനുള്ള മറ്റൊരു തെളിവ്. അതു ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതു പകവീട്ടലായി മാറിയെന്ന് സ്ഥാപിക്കേണ്ടിവരും.
2015ൽ കൊടുത്ത ക്വട്ടേഷൻ 2017ൽ ആണോ നടപ്പാക്കുന്നതെന്ന് ഡി. ജി. പിയായിരുന്ന സെൻകുമാർ ചോദിച്ച ചോദ്യം കോടതിയുടെ മുന്നിലും ഉന്നയിക്കപ്പെടാം. അതിനുള്ള ഉത്തരമായി പൊലീസ് കണ്ടുവച്ചിരിക്കുന്നത് തന്റെ കുടുംബ ജിവിതം തകരുന്നതിന് നിമിത്തമായത് ആ നടിയാണെന്നു ദിലീപ് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും , അവർ വിവാഹിതയാവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ, പഴയ വൈരാഗ്യം ആളിക്കത്തിയെന്നും അതാണ് ക്വട്ടേഷനിലേക്ക് നീങ്ങിയത് എന്നുമാണ്. അപ്പോൾ കേസിലെ ചർച്ചാ വിഷയമായി സ്വയം കാവ്യ ഉയർന്നുവരും. കാവ്യ, ദിലീപ് ബന്ധം തലനാരിഴ കീറി പരിശോധിക്കേണ്ടിവരും. മഞ്ജു, നടി, കാവ്യ, ദിലീപ് എന്നിവരെ കൂട്ടിയിണക്കിയ സംഗതികളെക്കാൾ അവരെ തെറ്റിപ്പിച്ച സംഗതികൾ കോടതിയെ ബോധ്യപ്പെടുത്തണം.
അതിൽ നിർണ്ണായകമായ ഒരു വസ്തുത, കാവ്യ ആദ്യ വിവാഹ ബന്ധം വേർപെടുത്തി തിരിച്ചെത്തിയ ശേഷമാണ് മഞ്ജുവാര്യരും ദിലീപും തമ്മിൽ വേർപിരിഞ്ഞത് എന്ന വസ്തുതയാണ്. അപ്പോൾ നടിയോടുള്ള പക മഞ്ജുവുമായിട്ടുള്ള സംസാരത്തിനിടയിൽ കടന്നു വന്നിരിക്കാം. അതു മഞ്ജു മൊഴിയായി കൊടുക്കുകയും ചെയ്തിരിക്കാം. എന്നാൽ, അത് എതിർ ചേരിയിൽ നിൽക്കുന്ന വ്യക്തിയുടെ മൊഴി മാത്രമായി പ്രതിഭാഗം വിശേഷിപ്പിക്കും. എന്നാൽ, കാവ്യയെ കെട്ടിയ ശേഷം ആക്രമിക്കപ്പെട്ട നടിയോടുള്ള സമീപനം എന്തായിരുന്നുവെന്ന് കാവ്യയിൽ നിന്ന് അറിയാൻ കഴിഞ്ഞാൽ, അതു കേസിന് കാര്യമായ ബലം നൽകും. അതാണ് ആക്രമണം നടന്ന ശേഷവും അതിന് മുമ്പും ദിലീപിന്റെ പെരുമാറ്റം എങ്ങനെ ആയിരുന്നുവെന്ന് പൊലീസ് ചോദിക്കുന്നത്,
ഒരു നടന്റെ കുടുംബാംഗങ്ങൾക്കൊപ്പം പൾസർ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആരോടൊപ്പമാണെങ്കിലും അവരുടെ കുടുംബങ്ങളിലേക്കും സൗഹൃദം വ്യാപിപ്പിക്കുന്ന സ്വഭാവം പൾസർ സുനിക്കുണ്ടെന്ന് ഇതോടെ പൊലീസിന് ബോധ്യമായി. തന്റെ യഥാർത്ഥ മുഖം മറച്ചുപിടിക്കുന്നതിനാണ് ഇങ്ങനെ ചെയ്തിരുന്നത്. അങ്ങനെയാണെങ്കിൽ കാവ്യയുടെ വീട്ടുകാരുമായോ, ദിലീപിന്റെ വീട്ടുകാരുമായോ അടുപ്പം കൂടാൻ ശ്രമിച്ചിട്ടുണ്ടോ എന്നതാണ് പൊലീസ് ചികയുന്നത്. അതാണ് കാവ്യയോട് ചോദിക്കുന്നത് പൾസറിനെ പരിചയമുണ്ടോ എന്ന്. അതു കാവ്യയെ പ്രതിയാക്കാനായിരിക്കില്ല, അത് ദിലീപ് പ്രതിപ്പട്ടികയിൽ നിന്ന് ചാടിപ്പോകാതിരിക്കാനാണ്.
സമൂഹത്തിൽ നിലയും വിലയുമുള്ള പ്രതി രഹസ്യമായി ചെയ്യാൻ ഉദ്ദേശിക്കുന്ന കുറ്റകൃത്യം ഭാര്യയോടോ, വീട്ടുകാരോടൊ പറയുമെന്ന് പൊലീസും കരുതാൻ സാധ്യതയില്ല. ആഗ്രഹിച്ച പുരുഷനെ ഭർത്താവായി കിട്ടിയ കാവ്യ ദിലീപിനെ ഒരു കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുമെന്ന് പൊലീസ് വാദിച്ചാൽ അതു മണ്ടത്തരമായി മാറും. പിന്നെ, ആകെയുള്ളത് സ്വത്ത് സംബന്ധിച്ച കാര്യമാണ്. സ്വത്തിന്റെ കാര്യം കാവ്യയിൽ നിന്ന് അറിഞ്ഞാൽ, കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.
താനുമായി സ്വത്ത് ഇടപാടുകൾ ഇല്ലെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിക്കഴിഞ്ഞു. ഭൂമി ഇടപാടുകൾ രേഖകൾ ഉള്ളതാണ്. അത് ഒരാളിന്റെ പേരിൽ ഉള്ളതിൽ മറ്റൊരാൾക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാൻ കഴിയില്ല. അല്ലെങ്കിൽ അതിനായി പണം കൈമാറിയത് രേഖാമൂലം തെളിയിക്കേണ്ടിവരും. അങ്ങനെയൊരു രേഖ ഇതുവരെ പുറത്തുവന്നിട്ടില്ല. അപ്പോൾ ദിലീപിന്റെ സ്വത്തുവിവരം കാവ്യയിൽ നിന്ന് കിട്ടുന്നത് പ്രയോജനം ചെയ്തേക്കുമെന്ന് പൊലീസ് വിശ്വസിക്കുന്നുണ്ടാവാം.
https://www.facebook.com/Malayalivartha