അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അപ്പുണ്ണി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
അതെ സമയം നടിയെ ആക്രമിച്ച കേസിൽ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്നും എങ്കിൽ മാത്രമേ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് പറയാനാവുകയുള്ളു എന്നും പ്രോസിക്യൂഷൻ ഹെെക്കോടതിയിൽ വ്യക്തമാക്കി. അപ്പുണ്ണിക്ക് വേണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകാമെന്നും ചോദ്യം ചെയ്യുമ്പോൾ അപ്പുണ്ണിയെ ഉപദ്രവിക്കരുതെന്നും കോടതി അറിയിച്ചു.
അപ്പുണ്ണി ഒളിവിൽ കഴിയുന്നത് നിലമ്പൂരിലാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ അപ്പുണ്ണിയെ പിടികൂടാൻ പൊലീസ് വല വിരിച്ചു കഴിഞ്ഞു. നാടുകാണി ചുരത്തിനു സമീപം തമിഴ്നാട് അതിർത്തിയിലെ ദേവാല എന്ന സ്ഥലത്ത് അപ്പുണ്ണിയെ കണ്ടതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണി അപ്പുണ്ണിയാണ്. അതിനാൽ അപ്പുണ്ണിയെ ചോദ്യം ചെയ്യാനായാൽ നിർണായക വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. പൾസർ സുനി ജയിലിൽ നിന്ന് അപ്പുണ്ണിയെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha