ഐപി ബിനുവിനെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിക്ക് പിണറായിയുടെ നിര്‍ദ്ദേശം; കൗണ്‍സിലറിന്റെ പ്രവൃത്തി സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്ന് വിലയിരുത്തല്‍
ബിജെപി ഓഫീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍ ഐപി ബിനു കുടുക്കിലേക്ക്. ബിനുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് പുലര്‍ച്ചെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തെതുടര്‍ന്ന് വ്യാപക അക്രമം നഗരത്തില്‍ അരങ്ങേറുകയും ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഐ.പി. ബിനുവിന്റെ മുഖം പതിഞ്ഞതോടെ പാര്‍ട്ടിയും പ്രതിരോധത്തിലായി. ബിജെപി ഓഫീസ് ആക്രമണം സര്‍ക്കാരിന് പേരുദോഷമായെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് ബിനുവിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
അതേ സമയം സിപിഐഎം ബിജെപി സംഘര്‍ഷത്തില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്ന് ബെഹ്‌റ പറഞ്ഞു. ഇക്കാര്യം ഉറപ്പുവരുത്തും. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഡിജിപി പറഞ്ഞു.
സംഘര്‍ഷം സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ് പൊലീസ് അവഗണിച്ചെന്ന റിപ്പോര്‍ട്ടും ഡിജിപി നിഷേധിച്ചു. യാതൊരു മുന്നറിയിപ്പും പൊലീസ് അവഗണിച്ചിട്ടില്ല. തലസ്ഥാനത്ത് മൂന്നു ദിവസത്തേയ്ക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൊതുസ്ഥലത്ത് കൊടികള്‍ നാട്ടരുതെന്നും പൊലീസ് രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിധ മേഖലയിലുണ്ടായ സംഘര്‍ഷത്തിലുള്‍പ്പെട്ട ആക്രമികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കാളികളായ നേതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഘര്‍ഷബാധിത മേഖലയില്‍ 450 ഓളം പൊലീസുകാരെ നിയമിച്ചു. നിരന്തര പെട്രോളിംഗിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ബിജെപി ഓഫീസ് ആക്രമണസമയത്ത് കാഴ്ചക്കാരായി നിന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെയാണ് ബിനീഷ് കോടിയേരിയുടെ വീടിനു നേരേയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും ആക്രമണം ഉണ്ടാകുന്നത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
സംഘര്‍ഷത്തില്‍ വിശദീകരണവുമായി ഐ.പി. ബിനു രംഗത്തെത്തി
തിരുവനന്തപുരത്ത് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം മാത്രമാണ് എല്ലാവരും പ്രധാന വിഷയമാക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. നേതാവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി. ബിനു.
തന്റെ വീടും പാവപ്പെട്ട സഖാക്കളുടെ വീടും അടിച്ചുതകര്‍ത്തിരുന്നു. ഇതൊന്നും പ്രധാന വിഷയമല്ലേ ? ഇങ്ങനെയൊക്കെ വരുമ്പോള്‍ സ്വാഭാവികമായിട്ടും പ്രതികരണമുണ്ടാകുമെന്നും ബിനു വ്യക്തമാക്കി.
ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചതിന് നേതൃത്വം കൊടുത്തത് ഐ.പി. ബിനുവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയും ചേര്‍ന്നാണെന്ന് ബി.ജെ.പി. ആരോപണമുന്നയിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ബിനുവിന്റെ പ്രതികരണം.
സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ നേരത്തെ ബി.ജെ.പി. പുറത്തുവിടുകയും ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ ബിനുവിനെയും പ്രജിന്‍സാജ് കൃഷ്ണയെയും വ്യക്തമായി കാണാം. അതേസമയം താനിതുവരെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അതി
നക്കുറിച്ച് തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നും ബിനു പറഞ്ഞു.
സി.പി.എമ്മിന്റെ യുവനേതാവ് കൂടിയായ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനുവിന്റെ വീടിന് നേരെ വ്യാഴാഴ്ച അര്‍ദ്ധരാത്രി ആക്രമണം നടന്നിരുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലുളള ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളിലുളള വീട്ടിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. ഇതിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബി.ജെ.പി. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം. ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha