ഫെയ്‌സ്ബുക്കിലെ എനിക്കെന്തു ശോഭ !
ആധുനിക മനുഷ്യന്‍ ജീവിക്കുന്നത് ഫേസ്ബുക്കിലാണെന്നു പറയാം. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫെയ്‌സ്ബുക്കാണവന്റെ ജീവശ്വാസം. എന്നാല്‍ ഫെയ്മസാകുമ്പോഴത്തെ ചില ശരികേടുകള്‍ കാണാം.
ഫെയ്‌സ്ബുക്കിലെ ഞാന്‍ ശരിക്കുള്ള എന്നെ സംബന്ധിച്ചിടത്തോളം ഒരത്ഭുതമാണ്.
എനിക്കു നടന്നെത്താന്‍ കഴിയാത്ത ഉയരങ്ങളിലേക്കു ഞൊടിയില്‍ പറന്നുകയറിയവനാണവന്‍! ജീവിതത്തില്‍ എന്നെ ഇന്നേവരെ ഒരു പൂച്ചക്കുഞ്ഞുപോലും പിന്തുടര്‍ന്നിട്ടില്ല. പക്ഷേ, അവന്റെ ഫോളോവേഴ്‌സ് ലക്ഷം കടന്നു. അപ്പോള്‍ത്തന്നെ ഓര്‍ക്കുക, അവനും ഞാനുമായുള്ള അന്തരം. കണ്ടുമുട്ടിയാല്‍ നല്ല സുഹൃത്തുക്കളാകാന്‍ പോലുമുള്ള സ്വഭാവപ്പൊരുത്തമുള്ളവരല്ല ഞങ്ങള്‍.
ആ പൊരുത്തക്കേടുകള്‍ എണ്ണിപ്പറയുകയാണെങ്കില്‍:
. എനിക്കു കൈവിരലിലെണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രം. രണ്ട് അക്കൗണ്ടുകളിലായി അവന്റേതു പതിനായിരം തികഞ്ഞിട്ടു വര്‍ഷങ്ങളായി. രണ്ടുമാസം കൂടുമ്പോള്‍ അവന്‍ അതില്‍ ചിലരെ കുടിയൊഴിപ്പിച്ച്, കാത്തുനില്‍ക്കുന്ന പുതിയവര്‍ക്ക് അവസരം കൊടുക്കും.
. ഞാന്‍ അന്തര്‍മുഖനാണ്. ലോകകാര്യങ്ങള്‍ ആരോടും അധികം ചര്‍ച്ച ചെയ്യാറില്ല. അവന്‍ എല്ലാ ചര്‍ച്ചകളും തുടങ്ങുന്നവനും അവയെ നിയന്ത്രിക്കുന്നവനുമാണ്.
. എനിക്കു രാഷ്ട്രീയമില്ല. അവന് അതുണ്ടോയെന്നത് എന്നെപ്പോലും അവനറിയിച്ചിട്ടില്ല. ഒരേ പോസ്റ്റില്‍ത്തന്നെ മോദിയെ തഴുകാനും പിണറായിയെ പുണരാനുമുള്ള മെയ്‌വഴക്കമുണ്ടവന്.
. ഞാന്‍ സാത്വികനാണ്. അവന്‍ അക്രമാസക്തനും. എതിരാളികളാകാന്‍ നേരിയ സാധ്യതയുള്ളവര്‍ക്കെതിരെപ്പോലും തെറിവാക്കുകള്‍ പറയാന്‍ അവനു മടിയില്ല.
. സ്വന്തം കഴിവുകള്‍ മറ്റുള്ളവരോടു വിളിച്ചു പറയാന്‍ അല്‍പം ഉളുപ്പുണ്ടെനിക്ക്. അവനാണെങ്കില്‍ അതു ദിനചര്യയാണ്. ആത്മപ്രശംസ അധികമാകുന്നത് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ എന്റെ വാള്‍... എന്റെ പോസ്റ്റ്... എന്ന് ആര്‍ത്തുകൊണ്ട് അവരെയവന്‍ പരിഹസിച്ചു ബ്ലോക്ക് ചെയ്യും.
. ഞാനില്ലായെങ്കിലും ലോകത്തിന് ഒന്നും സംഭവിക്കില്ലെന്ന് എനിക്കറിയാം. അവനെ സംബന്ധിച്ച് ഈ ലോകം ഇങ്ങനെയൊക്കെ മുന്നോട്ടു പോകുന്നത് അവന്റെ ഇടപെടല്‍ മൂലമാണ്.
. ഉണ്ണുന്നതും ഉടുക്കുന്നതും പ്രണയിക്കുന്നതുമെല്ലാം എന്നെ സംബന്ധിച്ചു സ്വകാര്യതയാണ്. അവന്‍ ഇക്കാര്യങ്ങളൊക്കെ ലോകത്തെ കൃത്യമായി അറിയിച്ചിരിക്കും.
. തെറ്റു സംഭവിച്ചാല്‍ അടുത്തതവണ അതാവര്‍ത്തിക്കാന്‍ ഞാനൊന്നു മടിക്കും. അവനാകട്ടെ, തെറ്റാണെന്നറിഞ്ഞുകൊണ്ടുതന്നെ അതാവര്‍ത്തിക്കാന്‍ മടിക്കില്ല. വസ്തുനിഷ്ഠമായി അതാരെങ്കിലും ചോദ്യംചെയ്യുകയോ തര്‍ക്കിച്ച് ഉത്തരം മുട്ടിക്കുകയോ ചെയ്താല്‍ അവരെ മറ്റെന്തെങ്കിലും പറഞ്ഞപമാനിച്ചിട്ട് ആ പോസ്റ്റ് തന്നെ മുക്കിക്കളയുമവന്‍.
. ഈ ലോകത്തു ജീവിക്കാന്‍ ആവശ്യമായ ബുദ്ധി പോലുമില്ലാത്ത ഒരു സാധാരണക്കാരനാണു ഞാനെന്ന് എനിക്കു നന്നായറിയാം. അവന്റെ ചില പ്രകടനങ്ങള്‍ കാണുമ്പോള്‍ അവനൊരു ബുദ്ധിജീവിയാണോയെന്ന് എനിക്കു പോലും സംശയം തോന്നിയിട്ടുണ്ട്.
. അന്യന്റെ മുതല്‍ ആഗ്രഹിക്കുകയോ കവര്‍ന്നെടുക്കുകയോ ഇന്നോളം ചെയ്തിട്ടില്ല ഞാന്‍. അന്യന്റെ പോസ്റ്റ് മോഷ്ടിച്ചെടുത്ത് അത് അന്യനു തന്നെ ടാഗ് ചെയ്യാന്‍ ഒരുമടിയുമില്ല അവന്. ചോദ്യം ചെയ്യപ്പെടുന്ന നിമിഷം വാദിയെ പ്രതിയാക്കി മാറ്റുമവന്‍...
ഇങ്ങനെ പറഞ്ഞുവരുമ്പോള്‍ അവന്‍ എനിക്കന്യനായ മറ്റൊരാള്‍.
അവന്‍ ഞാനല്ലായെന്നു ചുരുക്കം.
എങ്കിലോ, ഈ എന്നെ ഞാനാക്കിയത് അവനാണ്.
അതുകൊണ്ടുതന്നെ ഫെയ്‌സ്ബുക്കിലെ എന്നെ അനുകരിക്കാനുള്ള കഠിനശ്രമത്തിലാണ് ശരിക്കുള്ള ഈ ഞാന്‍!
https://www.facebook.com/Malayalivartha