നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ഹാജരായേക്കും; പ്രതീക്ഷയോടെ അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്നു ചോദ്യം ചെയ്യലിനു ഹാജരായേക്കും. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അതേസമയം പള്‍സര്‍ സുനിക്കു കത്ത് എഴുതി നല്കിയ വിപിന്‍ ലാലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും തിരഞ്ഞെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ അന്വേഷണസംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനായിരുന്നു മുന്‍കൂര്‍ ജാമ്യം തള്ളിയ കോടതിയുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ അപ്പുണ്ണി ഇന്നു തന്നെ ഹാജരാകുമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. ദിലീപ് പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പള്‍സര്‍ ദിലീപിനെ ഫോണ്‍വിളിച്ചപ്പോഴും ഒപ്പമുണ്ടായിരുന്നത് അപ്പുണ്ണിയാണ്.
അതുകൊണ്ട് തന്നെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മാനേജരില്‍നിന്ന് അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നിലവില്‍ ഈ കേസില്‍ അപ്പുണ്ണി പ്രതിയല്ല. കേസിലെ ഒന്‍പതാം പ്രതി വിഷ്ണുവുമായി അപ്പുണ്ണി നേരിട്ട് സംസാരിച്ചിതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനുണ്ട്.
സുനില്‍കുമാറിനു (പള്‍സര്‍ സുനി) ജയിലിനുള്ളില്‍നിന്നു നടന് ദിലീപിനു കത്തെഴുതാന്‍ സഹായം നല്‍കിയതിനാണ് സഹതടവുകാരന് വിപിന്‍ലാലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിനെ ബന്ധപ്പെടുത്തുന്ന നിര്‍ണായക തെളിവാണ് ഈ കത്ത്. ഇതെഴുതിയതു വിപിന്ലാലാണെന്നു കയ്യക്ഷര പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha