ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പൊലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് അപ്പുണ്ണി ഹാജരാകില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. അപ്പുണ്ണി ഒളിവിലായതിനാലാണ് നോട്ടീസ് നല്‍കാന്‍ കഴിയാത്തതെന്ന് അന്വേഷണസംഘം അറിയിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് അപ്പുണ്ണി ഇന്ന് ഹാജരാകുമെന്നായിരുന്നു വിവരങ്ങള്‍. കഴിഞ്ഞ ദിവസമാണ് അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന് മുന്‍പ് അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന് മുമ്പ് സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്പരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പരുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നും വ്യക്തമായിരുന്നു.
ഈ സാഹചര്യത്തില്‍ കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ ദിലീപിനൊപ്പം ഇരുത്തി അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. കേസില്‍ ദിലീപിന്റെ മൊഴികളിലെ വൈരുദ്ധ്യം തുറന്നുകാട്ടുന്നതിന് അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്നായിരുന്നു പൊലീസ് നിലപാട്.
ഇതനുസരിച്ച് അപ്പുണ്ണിയെ തേടി പൊലീസ് ഏലൂരിലെ വീട്ടിലെത്തിയെങ്കിലും അപ്പുണ്ണി ഒളിവില്‍ പോകുകയായിരുന്നു. അപ്പുണ്ണിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇയാള്‍ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha