കെ.എസ്.ആര്‍.ടി.സി ബസ് പാലത്തില്‍ നിന്ന് തലകീഴായി വെള്ളക്കെട്ടിലേയ്ക്ക്
പള്ളിപ്പാട് വഴുതാനത്ത് കെ.എസ്.ആര്‍.ടി.സി ബസ് പാലത്തില്‍ നിന്ന് തലകീഴായി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്കാണ് ബസ് വീണത്. ബസില്‍ ഡ്രൈവറും കണ്ടക്ടറും മാത്രമാണുണ്ടായിരുന്നത്. ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു അപകടം.
ഹരിപ്പാട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് വഴുതാനം പറക്കുളത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന ബസാണിത്. അവിടെ നിന്നും തിരികെ യാത്ര ആരംഭിച്ച ഉടനെയാണ് അപകടം സംഭവിച്ചത്. അടുത്ത സ്‌റ്റോപ്പില്‍ ഈ ബസ് കാത്ത് അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ കയറുന്നതിന് മുമ്പായതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.
ഇടുങ്ങിയ പാലത്തില്‍ എതിരെ വന്ന സ്‌കൂട്ടറിന് വഴി കൊടുക്കുന്നതിനിടെ പാലത്തിന്റെ കൈവരി തട്ടി തകര്‍ത്താണ് ബസ് താഴേക്ക് വീണത്. അഗ്‌നിശമനസേന സ്ഥലത്തെത്തി ബസ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha