ചിത്രയ്ക്ക് അവസരം നിഷേധിച്ചതില്‍ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനുമുള്ള പങ്ക് സംശയാസ്പദം: കായിക മന്ത്രി
സീനിയര്‍ താരങ്ങള്‍ ചിത്രയോട് കാണിച്ചത് കടുത്ത അനീതി. മതിയായ യോഗ്യതയുണ്ടായിട്ടും ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പിയു ചിത്രയെ ഉള്‍പ്പെടുത്താത്തതില്‍ പിടി ഉഷയുടെയും അഞ്ജു ബോബി ജോര്‍ജിന്റെയും പങ്ക് സംശായസ്പദമെന്ന് കായിക മന്ത്രി എസി മൊയ്തീന്‍. ഇക്കാര്യത്തിലുണ്ടായ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനിലെ സര്‍ക്കാര്‍ നിയമിച്ച നിരീക്ഷകരാണ് മുന്‍ അത്‌ലറ്റുകളായ പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും.
മതിയായ യോഗ്യതയുണ്ടായിട്ടും സ്ഥാപിത താല്‍പ്പര്യങ്ങളുടെ പുറത്ത് ചിത്രയെ ഒഴിവാക്കിയത് അപമാനകരമായ സംഗതിയാണ്. സംസ്ഥാന സര്‍ക്കാരും കായിക കേരളവും ഈ വഷയത്തില്‍ ചിത്രയ്‌ക്കൊപ്പമുണ്ടാകും. നീതി തേടി ഏതെറ്റം വരെയും പോകും. ശക്തമായ നിയമനടപടി സ്വീകരിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുപ്പ് സംഘത്തിലും നിരീക്ഷകരായി ഇവരുണ്ടായിരുന്നു. എന്നാല്‍, ചിത്രയ്ക്കു അവസരം നിഷേധിച്ചതില്‍ പങ്കില്ലെന്ന് പിടി ഉഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നീട് ചിത്രയെ ടീമിലുള്‍പ്പെടുത്താത്തത് പിടി ഉഷയടക്കമുള്ളവരുടെ ഇടപെടലും കൂടിയുണ്ടായിട്ടാണെന്ന് ഫെഡറേഷന്‍ ചീഫ് സെലക്ടര്‍ ജിഎസ് രാണ്‍ധാവ വ്യക്തമാക്കി.
https://www.facebook.com/Malayalivartha