താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഉച്ചയ്ക്ക് 12.45ഓടെയാണ് ഇടവേള ബാബുവിനെ ആലുവ പൊലീസ് ക്‌ളബ്ബിലേക്ക് അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.
2.30ഓടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അമ്മയുടെ താരനിശകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് പിന്നീട് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതു സംബന്ധിച്ച രേഖകള്‍ എല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ദിലീപും ഇടവേള ബാബുവും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാനാണ് താരത്തെ വിളിച്ചു വരുത്തിയതെന്നാണ് സൂചന. മാത്രമല്ല, താരനിശയ്ക്ക് മുന്പ് താരങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹോട്ടലില്‍ വച്ച് ദിലീപും മറ്റ് താരങ്ങളും ആക്രമിക്കപ്പെട്ട നടിയോട് പെരുമാറിയത് ഏത് തരത്തിലാണെന്ന് കാര്യങ്ങളും ചോദിച്ചെന്നാണ് സൂചന.
ഇടവേള ബാബു അടുത്തിടെ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇടവേള ബാബുവും ട്രഷററുമായ ദിലീപും 'അമ്മ'യുടെ നടത്തിപ്പും മറ്റു കാര്യങ്ങള്‍ക്ക് വേണ്ടിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഇത് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ബാബുവില്‍ നിന്ന് ചോദിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha